കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ വ്യക്തിത്വത്തെയും ഭരണശൈലിയെയും കുറിച്ച് വ്യത്യസ്തമായ നിരീക്ഷണങ്ങളുമായി ബിജെപി നേതാവും പിഎസ്‌സി മുൻ ചെയർമാനുമായ കെ.എസ്. രാധാകൃഷ്ണൻ. പിണറായി വിജയൻ ഫലിതങ്ങൾ ആസ്വദിക്കുന്ന വ്യക്തിയാണെന്നും എന്നാൽ പാർട്ടിയുടെ തീരുമാനങ്ങൾക്ക് പൂർണ്ണമായി വിധേയനായാണ് അദ്ദേഹം പ്രവർത്തിക്കുന്നതെന്നും രാധാകൃഷ്ണൻ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.(Always loyal to the party, BJP leader praises CM Pinrayi Vijayan)
പിഎസ്‌സി ചെയർമാനായിരുന്ന കാലത്ത് മുഖ്യമന്ത്രിയുമായി ഹൃദ്യമായ ബന്ധമാണ് ഉണ്ടായിരുന്നതെന്ന് അദ്ദേഹം ഓർമ്മിക്കുന്നു. തനിക്ക് ശേഷം വന്ന വ്യക്തിയെക്കുറിച്ച് മുഖ്യമന്ത്രി തന്റെ അഭിപ്രായം തേടിയിരുന്നു. താൻ നിർദ്ദേശിച്ച വ്യക്തിയെ മുഖ്യമന്ത്രിക്ക് നേരിട്ട് പരിചയപ്പെടുത്തിക്കൊടുത്ത കാര്യവും അദ്ദേഹം കുറിച്ചു. നിയമസാധുതയുള്ള കാര്യങ്ങൾ യുക്തിസഹമായി അവതരിപ്പിച്ചാൽ അത് അംഗീകരിക്കാൻ മുഖ്യമന്ത്രി മടി കാണിക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയുമായി വ്യക്തിപരമായി ഹൃദ്യമായ ബന്ധമുണ്ടായിരുന്നുവെന്നും രാധാകൃഷ്ണൻ പറഞ്ഞു. ശബരിമല ആചാര സംരക്ഷണത്തിന്റെ പേരിൽ 251 ക്രിമിനൽ കേസുകളിലാണ് അദ്ദേഹം തന്നെ പ്രതിയാക്കിയത്. പെൻഷൻ ആനുകൂല്യങ്ങൾക്കായി ഇപ്പോഴും തനിക്ക് സർക്കാരുമായി കേസ് നടത്തേണ്ടി വരുന്നു. അദ്ദേഹം എന്തിനാണ് തനിക്കെതിരെ കേസ് നടത്തുന്നത് എന്നതിന്റെ ഉത്തരം നടൻ മോഹൻലാലുമായി അദ്ദേഹം നടത്തിയ സംഭാഷണത്തിലുണ്ട്. പാർട്ടി പറയുന്നത് അപ്പാടെ അനുസരിക്കുന്ന വ്യക്തിയാണ് അദ്ദേഹം. അതുകൊണ്ട് തന്നെ തനിക്കെതിരെ നീങ്ങുന്നുവെന്നും കെ.എസ്. രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.

