പത്തനംതിട്ട: സംസ്ഥാനത്ത് സി.പി.എം നടത്തുന്ന അക്രമങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കെ.എസ്.യു നേതാക്കളുടെ വീടിന് നേരെ ബോംബെറിയുന്നതും കേരളത്തിലുടനീളം അക്രമം അഴിച്ചുവിടുന്നതും ജനം പൊറുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. സി.പി.എമ്മിന്റെ വ്യാജ പ്രചാരണങ്ങൾക്കും ഗുണ്ടായിസത്തിനും ജനങ്ങൾ തന്നെ തിരിച്ചടി നൽകുമെന്നും സതീശൻ മുന്നറിയിപ്പ് നൽകി.(Will strongly resist the violence perpetrated by CPM, says VD Satheesan)
മന്ത്രി വീണാ ജോർജിനെ ആക്രമിച്ചു എന്നത് പച്ചക്കള്ളമാണെന്ന് സതീശൻ ആരോപിച്ചു. ആരോഗ്യ മന്ത്രി വെറുമൊരു പരിഹാസ കഥാപാത്രമായി മാറിയിരിക്കുകയാണ്. നിലവിൽ ആശുപത്രിയിൽ കഴിയേണ്ട യാതൊരു സാഹചര്യവും അവർക്കില്ല. മന്ത്രിക്കെതിരെ നടന്നത് കരിങ്കൊടി പ്രതിഷേധം മാത്രമാണ്. ആർക്ക് നേരെയും പ്രതിഷേധം നടത്താൻ ജനാധിപത്യത്തിൽ അവകാശമുണ്ട്. എന്നാൽ അതിനെ ആക്രമണമായി ചിത്രീകരിച്ച് സഹതാപം നേടാനാണ് ശ്രമിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചിന്താ ജെറോമിനെതിരെയും പ്രതിപക്ഷ നേതാവ് രൂക്ഷമായ ഭാഷയിൽ സംസാരിച്ചു. ബുദ്ധിജീവിയായ വനിതാ നേതാവിന്റെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിൽ മുഴങ്ങിയ മുദ്രാവാക്യങ്ങൾ കേരളം മറക്കില്ലെന്നും, സി.പി.എമ്മിന്റെ യഥാർത്ഥ സംസ്‌കാരമാണ് അതിലൂടെ പുറത്തുവന്നതെന്നും അദ്ദേഹം പരിഹസിച്ചു. തീക്കൊള്ളി കൊണ്ട് തല ചൊറിയരുത് എന്ന് ഓർമ്മിപ്പിച്ച സതീശൻ, അക്രമങ്ങളെ പ്രതിരോധിക്കുമെന്നും വ്യക്തമാക്കി.

