കാഠ്മണ്ഡു: മുൻകാല ഭരണാധികാരികളുടെയും ഉദ്യോഗസ്ഥരുടെയും അവിഹിത സ്വത്തുക്കൾ കണ്ടെത്താൻ ലക്ഷ്യമിട്ട് നേപ്പാൾ സർക്കാർ ഉന്നതാധികാര കമ്മീഷൻ രൂപീകരിച്ചു. 2026 ഏപ്രിൽ 15-ന് ചേർന്ന മന്ത്രിസഭായോഗമാണ് സുപ്രീം കോടതി മുൻ ജഡ്ജി രാജേന്ദ്ര കുമാർ ഭണ്ഡാരിയുടെ നേതൃത്വത്തിലുള്ള പാനലിനെ നിയോഗിച്ചത്.(Balendra Shah against corrupt people in Nepal, Commission to examine assets of 20 years )
2006 മുതൽ 2025-26 വരെയുള്ള കാലയളവിലെ സ്വത്തുക്കളാണ് പരിശോധിക്കുക. ജ്ഞാനേന്ദ്ര ഷാ, മുൻ പ്രസിഡന്റുമാരായ രാം ബരൺ യാദവ്, ബിദ്യാ ദേവി ഭണ്ഡാരി, നിലവിലെ പ്രസിഡന്റ് രാം ചന്ദ്ര പൗഡൽ എന്നിവർ കമ്മീഷന്റെ നിരീക്ഷണ പരിധിയിലുണ്ടാകും. ഗിരിജ പ്രസാദ് കൊയ്രാള, പുഷ്പ കമൽ ദഹൽ, മാധവ് കുമാർ നേപ്പാൾ, ഝലനാഥ് ഖനാൽ, ബാബുറാം ഭട്ടറായി, കെ.പി. ശർമ്മ ഒലി, ഷേർ ബഹാദൂർ ദുബെ എന്നിവരുടെ ആസ്തികളും പരിശോധിക്കും.
രാജേന്ദ്ര കുമാർ ഭണ്ഡാരി (മുൻ ജഡ്ജി, സുപ്രീം കോടതി) – അധ്യക്ഷൻ, പുരുഷോത്തം പരജുലി (മുൻ ജഡ്ജി), ചന്ദിരാജ് ധക്കൽ (മുൻ ജഡ്ജി), ഗണേഷ് കെ.സി. (മുൻ പോലീസ് ഡിഐജി), പ്രകാശ് ലംസാൽ (ചാർട്ടേഡ് അക്കൗണ്ടന്റ്) എന്നിവരാണ് കമ്മീഷൻ അംഗങ്ങൾ. 2025 സെപ്റ്റംബറിൽ അഴിമതിക്കും സോഷ്യൽ മീഡിയ നിരോധനത്തിനുമെതിരെ നേപ്പാളിലെ യുവാക്കൾ നടത്തിയ ഐതിഹാസികമായ പ്രക്ഷോഭമാണ് ബലേന്ദ്ര ഷായുടെ രാഷ്ട്രീയ ഉദയത്തിന് കാരണമായത്. 2026 മാർച്ച് 5-ന് നടന്ന പൊതുതെരഞ്ഞെടുപ്പിൽ ബലേന്ദ്ര ഷായുടെ ആർ എസ് പി വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിച്ചു. അധികാരമേറ്റയുടൻ പുറത്തിറക്കിയ ‘100 ഇന പരിഷ്കരണ അജണ്ട’യിലെ പ്രധാന വാഗ്ദാനമായിരുന്നു ഈ അഴിമതിവിരുദ്ധ കമ്മീഷൻ.

