കൊച്ചി: കാലടിയിൽ രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയിൽ 21 കിലോ കഞ്ചാവുമായി മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളെ പോലീസ് പിടികൂടി. പെരുമ്പാവൂർ എ.എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘവും കാലടി പോലീസും സംയുക്തമായാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.(3 interstate workers arrested with 21 kg of Cannabis in Kalady)
ശ്രീമൂലനഗരത്ത് നിന്നും 16 കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശികളായ ബാപി മൊല്ല, സാദിഖുൽ എന്നിവരെയും ഒപ്പമുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത കൗമാരക്കാരനെയുമാണ് പിടികൂടിയത്. കാഞ്ഞൂരിൽ നടന്ന മറ്റൊരു പരിശോധനയിൽ ആറ് കിലോ കഞ്ചാവുമായി മുർഷിദാബാദ് സ്വദേശി തന്നെയായ മനൂർ ഹുസൈൻ പിടിയിലായി.
ഒഡീഷയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് എത്തിക്കുന്ന കഞ്ചാവ് കേരളത്തിൽ വൻ ലാഭത്തിനാണ് ഇവർ വിറ്റഴിക്കുന്നത്. ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗ്ഗം ആലുവയിലെത്തിക്കുന്ന കഞ്ചാവ്, അവിടെ നിന്ന് ഓട്ടോറിക്ഷകളിലാണ് വിവിധയിടങ്ങളിലേക്ക് കടത്തുന്നത്.

