കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കുന്നതിനിടെ കണ്ണൂർ സി.പി.എമ്മിൽ ഭിന്നത രൂക്ഷമാകുന്നു. മുൻ മന്ത്രി കെ.കെ. ശൈലജയുടെ സീറ്റ് സംബന്ധിച്ചും തളിപ്പറമ്പിലെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലിയുമാണ് പാർട്ടിയിൽ തർക്കം ഉടലെടുത്തിരിക്കുന്നത്.(CPM candidate selection in Kannur, KK Shailaja will not give up Mattannur)
കണ്ണൂരിലെ സിറ്റിംഗ് സീറ്റായ മട്ടന്നൂരിൽ തന്നെ മത്സരിക്കണമെന്ന ഉറച്ച നിലപാടിലാണ് കെ.കെ. ശൈലജ. മട്ടന്നൂർ ലഭിച്ചില്ലെങ്കിൽ ഇത്തവണ മത്സരരംഗത്തുണ്ടാകില്ലെന്ന് സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. അഞ്ചുതവണ മത്സരിച്ചവരെ ഇത്തവണ മാറ്റിനിർത്തണമെന്ന പൊതുമാനദണ്ഡം ശൈലജയ്ക്കും ബാധകമാക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ നീക്കം.
ശൈലജ മട്ടന്നൂരിൽ മാറാൻ തയ്യാറാണെങ്കിൽ പേരാവൂർ മണ്ഡലത്തിലേക്ക് പരിഗണിക്കാമെന്ന നിർദ്ദേശം ഉയർന്നെങ്കിലും അത് തള്ളിയതായാണ് റിപ്പോർട്ടുകൾ. തളിപ്പറമ്പ് മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലിയും പ്രാദേശിക നേതൃത്വത്തിൽ വിയോജിപ്പുണ്ട്. പട്ടികയിലുള്ള സുകന്യയുടെ പേരിനോട് പ്രാദേശിക തലത്തിൽ എതിർപ്പുയർന്നു.

