തിരുവനന്തപുരം: തലസ്ഥാനത്ത് ഫോർട്ട് പോലീസിനെതിരെ വീണ്ടും കസ്റ്റഡി മർദ്ദന ആരോപണം ഉയരുന്നു. ബൈക്ക് മോഷണക്കേസിലെ പ്രതികളായ ജിനു ബേബി, ഉണ്ണി എന്നിവരെ ക്രൂരമായി മർദ്ദിച്ചതായാണ് പരാതി. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ ജിനുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.(Police beat up bike theft accused in Thiruvananthapuram, Accused undergoes emergency surgery)
കൊച്ചി പോലീസ് പിടികൂടിയ പ്രതികളെ ഫോർട്ട് പോലീസിൽ രജിസ്റ്റർ ചെയ്ത മോഷണക്കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തേക്ക് കൊണ്ടുവരികയായിരുന്നു. വാഹനത്തിനുള്ളിൽ വെച്ച് പട്ടികക്കഷ്ണം ഉപയോഗിച്ച് പോലീസ് തല്ലിച്ചതച്ചുവെന്നാണ് പ്രതികളുടെ ആരോപണം. ജിനുവിനൊപ്പം കൂട്ടുപ്രതിയായ ഉണ്ണിയും ആശുപത്രിയിൽ ചികിത്സയിലാണ്.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇരുവരുടെയും രഹസ്യമൊഴി മജിസ്‌ട്രേറ്റ് നേരിട്ടെത്തി രേഖപ്പെടുത്തിയിട്ടുണ്ട്. ആരോപണങ്ങൾ പോലീസ് നിഷേധിച്ചിട്ടുണ്ട്. പ്രതികളെ റിമാൻഡ് ചെയ്ത സമയത്തോ അതിനുമുമ്പ് നടത്തിയ വൈദ്യപരിശോധന വേളയിലോ മർദ്ദനമേറ്റതായി പരാതിപ്പെട്ടിട്ടില്ലെന്നാണ് വാദം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.

