കൊച്ചി: വൈറ്റില റെയിൽവേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകം. ഇന്ന് രാവിലെയാണ് ലോക്കോ പൈലറ്റിന്റെ സന്ദേശത്തെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്.(Dead body found near railway track is suspected to be of Kottayam native)
മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെത്തിയ മൊബൈൽ ഫോണിലെ സിം കാർഡ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇത് കോട്ടയം സ്വദേശിനിയുടേതാണെന്നാണ് കരുതുന്നത്. മരിച്ചത് ഇവർ തന്നെയാണോ എന്ന് ഉറപ്പിക്കാനുള്ള നടപടികൾ പോലീസ് തുടരുകയാണ്.
യുവതിയുടെ മുഖത്തും ശരീരത്തിലും ആഴത്തിലുള്ള മുറിവുകളും പാടുകളുമുണ്ട്. ഇത് ട്രെയിനിൽ നിന്ന് വീണുണ്ടായ പരിക്കുകളല്ലെന്ന് പോലീസ് പ്രാഥമിക പരിശോധനയിൽ തന്നെ കണ്ടെത്തി. മൃതദേഹം ട്രാക്കിൽ ഉപേക്ഷിച്ച നിലയിലായിരുന്നു. മറ്റെവിടെയെങ്കിലും വെച്ച് കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാനായി റെയിൽവേ ട്രാക്കിൽ തള്ളിയതാകാമെന്നാണ് പോലീസിന്റെ നിഗമനം.
കൊച്ചി നഗരത്തിലെ വസ്ത്ര സ്ഥാപനത്തിന്റെ സ്റ്റിക്കറുള്ള വസ്ത്രമാണ് യുവതി ധരിച്ചിരുന്നത്. കടവന്ത്ര പോലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

