ന്യൂഡൽഹി: ഭാരത് മണ്ഡപത്തിൽ നടന്ന ആഗോള എഐ ഉച്ചകോടിയിൽ ഷർട്ടൂരി പ്രതിഷേധിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബ് പിടിയിലായി. ഇന്നലെ രാത്രി മുതൽ തുടർന്ന ചോദ്യം ചെയ്യലിനൊടുവിലാണ് ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എഴായി ഉയർന്നു.(AI Summit protest, Uday Bhanu Chib arrested)
മീററ്റിൽ അതിവേഗ റെയിൽപ്പാത ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ, കോൺഗ്രസിന്റെ ഈ പ്രതിഷേധ രീതിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി കടുത്ത ഭാഷയിൽ പ്രതികരിച്ചു. ആഗോളതലത്തിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തിയ ഒരു വേദിയിൽ കോൺഗ്രസ് നടത്തിയത് ‘വൃത്തികെട്ടതും നഗ്നവുമായ’ രാഷ്ട്രീയമാണെന്ന് മോദി പരിഹസിച്ചു.
വിദേശ പ്രതിനിധികൾക്കും ലോകനേതാക്കൾക്കും മുന്നിൽ ഷർട്ടൂരി പ്രതിഷേധിച്ചത് രാജ്യത്തെ നാണം കെടുത്തുന്ന പ്രവൃത്തിയാണെന്നും മോദിയോടുള്ള വിരോധം രാജ്യത്തോട് കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കാൻ ആഗ്രഹിക്കുന്നവർ ആദ്യം ജനഹൃദയങ്ങളെ തൊട്ടറിയണമെന്നും മോദി കൂട്ടിച്ചേർത്തു.

