കോഴിക്കോട്: വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ സൺഷെയ്ഡ് തകർന്നുണ്ടായ അപകടത്തിൽ മരിച്ച തൊഴിലാളികളുടെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. അത്തോളി സ്വദേശികളായ ബഷീർ, അഷ്റഫ്, തിരുവങ്ങൂർ സ്വദേശി വിനോദൻ എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് സംസ്കരിക്കുക.(Kozhikode building collapse disaster, Funeral of 3 deceased workers today)
പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകിയിരുന്നു. അപകടത്തിൽ മരിച്ച കിണാശ്ശേരി സ്വദേശി ജബ്ബാറിന്റെ ഖബറടക്കം ഇന്നലെ രാത്രി നടന്നു. അപകടവുമായി ബന്ധപ്പെട്ട് കോർപ്പറേഷനെതിരെ വലിയ തോതിലുള്ള ആരോപണങ്ങൾ ഉയരുന്ന പശ്ചാത്തലത്തിൽ, മേയർ ഇന്ന് രാവിലെ 9 മണിക്ക് വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്.
അപകടത്തെത്തുടർന്ന് നഗരസഭയ്ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും, മേയർ ഉൾപ്പെടെയുള്ള ഉത്തരവാദികൾക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി ഇന്ന് കോർപ്പറേഷനിലേക്ക് മാർച്ച് നടത്തും. ദുരന്തത്തെക്കുറിച്ച് ചർച്ച ചെയ്യാൻ അടിയന്തര കൗൺസിൽ യോഗം വിളിച്ചുചേർക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടിട്ടുണ്ട്.

