തിരുവനന്തപുരം: ചലച്ചിത്ര പ്രവർത്തകയെ ഹോട്ടൽ മുറിയിൽ വെച്ച് ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന കേസിൽ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ കോടതി നടപടി ആരംഭിച്ചു. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്.(Sexual assault case, Court accepts charge sheet against PT Kunju Muhammed in file)
തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്കിടെയായിരുന്നു പരാതിക്കാസ്പദമായ സംഭവം. ജൂറി അംഗമായ സ്ത്രീയെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി ശാരീരികമായി അതിക്രമിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
പരാതിക്കാരി പറയുന്ന സമയത്ത് കുഞ്ഞുമുഹമ്മദ് ഹോട്ടൽ മുറിയിലേക്ക് എത്തുന്നതിന്റെ ദൃശ്യങ്ങൾ അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഇത് കുറ്റപത്രത്തിൽ പ്രധാന തെളിവായി ഉൾപ്പെടുത്തി. പരാതിക്കാരിയുടെ രഹസ്യമൊഴിയും മറ്റ് സാക്ഷിമൊഴികളും രേഖപ്പെടുത്തിയ ശേഷമാണ് കുറ്റപത്രം തയ്യാറാക്കിയത്. ഒരു വർഷം മുതൽ അഞ്ച് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ഗൗരവകരമായ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

