തിരുവനന്തപുരം: ശബരിമല കൊടിമര പുനർനിർമാണവുമായി ബന്ധപ്പെട്ട കേസിൽ നടനും എംപിയുമായ സുരേഷ് ഗോപിയുടെ മൊഴിയെടുത്ത് വിജിലൻസ്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ സിനിമാ പ്രവർത്തകരുടെ മൊഴിയും വരും ദിവസങ്ങളിൽ രേഖപ്പെടുത്തും. ഈ ആഴ്ചതന്നെ മൊഴിയെടുപ്പ് നടപടികൾ പൂർത്തിയാക്കാനാണ് വിജിലൻസിന്റെ നീക്കം.(Sabarimala flagpole reconstruction, Vigilance records Suresh Gopi’s statement)
കൊടിമര പുനർനിർമാണത്തിനായി ലഭിച്ച സ്വർണ്ണത്തിന്റെ കൃത്യമായ അളവ് സംബന്ധിച്ച് വിജിലൻസിന് ഇനിയും വ്യക്തത വന്നിട്ടില്ല. സ്വർണ്ണം നൽകിയവർ വ്യക്തിപരമായല്ല, മറിച്ച് ഒരു സംഘമായാണ് സംഭാവന നൽകിയത്. അതിനാൽ ഓരോരുത്തരും എത്രത്തോളം സ്വർണ്ണം നൽകി എന്ന് കണ്ടെത്തുക പ്രായോഗികമായി പ്രയാസകരമാണ്.
നേരത്തെ സംവിധായകരായ ഷാജി കൈലാസ്, രഞ്ജി പണിക്കർ, നിർമ്മാതാവ് സുരേഷ് കുമാർ എന്നിവരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തിയിരുന്നു. നാണയങ്ങളായാണ് തങ്ങൾ സ്വർണ്ണം നൽകിയതെന്നാണ് ഇവർ മൊഴി നൽകിയത്. ഇതിന്റെ കൃത്യമായ കണക്കും ഇവർ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. സെലിബ്രിറ്റികൾ ഉൾപ്പെടെ 27 പേരാണ് കൊടിമര നിർമ്മാണത്തിന് സംഭാവന നൽകിയതെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.

