ന്യൂഡൽഹി: അവയവദാനത്തിലൂടെ വെളിച്ചമായി മാറിയ ആലിൻ ഷെറിൻ എന്ന കുഞ്ഞുമാലാഖയെ ‘മൻ കി ബാത്തിൽ’ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏറെക്കാലം ജീവിച്ചിരിക്കേണ്ട കുഞ്ഞായിരുന്നുവെന്നും ഒരുപാട് സ്വപ്നങ്ങൾ ബാക്കി വെച്ചാണ് ആ കുഞ്ഞ് വിടവാങ്ങിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.(That child left behind many dreams, PM Modi remembers Alin Sherin Abraham in Mann Ki Baat)
കുഞ്ഞിനെ നഷ്ടപ്പെടുന്നത് മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം താങ്ങാനാവാത്ത വേദനയാണ്. ആ തീരാവേദനയ്ക്കിടയിലും തന്റെ കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ച ആ രക്ഷിതാക്കളെ ഓരോ പൗരനും ആദരവോടെ നമിക്കണം. ആലിൻ ഷെറിന്റെ മാതാപിതാക്കളുടെ തീരുമാനം ഉറച്ച വ്യക്തിത്വത്തിന്റെയും മഹനീയമായ ചിന്തയുടെയും പ്രതീകമാണ്.ആലിൻ ഷെറിന്റെ പേര് ഈ ലോകം എന്നെന്നും ഓർത്തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അവയവദാന രംഗത്ത് ഇന്ത്യ വലിയ മുന്നേറ്റമാണ് നടത്തുന്നത്. മെഡിക്കൽ ഗവേഷണ രംഗത്തെ പുരോഗതിയും അവയവദാനവും ഒത്തുചേരുമ്പോൾ അനേകം പേർക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ കഴിയുന്നുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

