ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ അഞ്ച് വർഷം മുൻപ് നടത്തിയ ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയുടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവത്തിൽ കെ.സി വേണുഗോപാൽ എം.പി ഇടപെട്ടു. കടുത്ത വേദനയനുഭവിച്ച പുന്നപ്ര സ്വദേശി ഉഷാ ജോസഫിനെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചി അമൃത ആശുപത്രിയിലേക്ക് മാറ്റി.(Scissors left in woman’s stomach during surgery in Vandanam)
വണ്ടാനം മെഡിക്കൽ കോളേജിൽ ഉഷയുടെ ഗർഭപാത്രത്തിലെ മുഴ നീക്കം ചെയ്യുന്നതിനായി ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയ്ക്ക് ശേഷം കഴിഞ്ഞ അഞ്ച് വർഷമായി ഉഷയ്ക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടിരുന്നു. ഇതിനായി വർഷങ്ങളായി മരുന്ന് കഴിച്ചുവരികയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച നടത്തിയ എക്സറേ പരിശോധനയിലാണ് വയറിനുള്ളിൽ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന കത്രിക കണ്ടെത്തിയത്.
വേദനയെത്തുടർന്ന് മെഡിക്കൽ കോളേജിൽ പോയപ്പോൾ മൂത്രത്തിൽ കല്ലാണ് എന്ന് പറഞ്ഞ് തിരിച്ചയച്ചതായും പരാതിയുണ്ട്. സ്വകാര്യ ലാബിലെ പരിശോധനയിലാണ് കത്രിക കണ്ടത്തിയത്. വിവരമറിഞ്ഞ കെ.സി വേണുഗോപാൽ എം.പി കുടുംബവുമായി സംസാരിക്കുകയും സ്വന്തം നിലയിൽ ആംബുലൻസ് ഏർപ്പാടാക്കി ഉഷയെ കൊച്ചി അമൃത ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. നിലവിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട ഉഷയെ ഡോക്ടർമാർ പരിശോധിച്ച ശേഷം തുടർചികിത്സയും ശസ്ത്രക്രിയയും നിശ്ചയിക്കും.

