കൊച്ചി: ‘ദ കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗത്തിന് നൽകിയ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹർജിയിൽ കേന്ദ്ര സെൻസർ ബോർഡിനും നിർമ്മാണ കമ്പനിയായ സൺഷൈൻ പിക്ചേഴ്സിനും കേരള ഹൈക്കോടതി നോട്ടീസ് അയച്ചു. ചിത്രത്തിന്റെ പ്രദർശനം തടയണമെന്നും സെൻസർ ബോർഡിന്റെ അനുമതി നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി.(The Kerala Story 2, High Court issues notice to Censor Board and producers)
ഹർജിയിലെ ആരോപണങ്ങളിൽ സെൻസർ ബോർഡും നിർമ്മാതാക്കളും വിശദീകരണം നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. ഹർജി വരുന്ന ചൊവ്വാഴ്ച കോടതി വീണ്ടും പരിഗണിക്കും. സമൂഹത്തിൽ വർഗീയ ധ്രുവീകരണമുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ചിത്രമെന്നും തെറ്റായ വിവരങ്ങളാണ് സിനിമയിലൂടെ പ്രചരിപ്പിക്കുന്നതെന്നും ഹർജിക്കാർ ആരോപിക്കുന്നു.
ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ കേരളത്തിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾ ഉടലെടുത്തിരുന്നു. സിനിമയുടെ ഒന്നാം ഭാഗം പോലെ തന്നെ രണ്ടാം ഭാഗവും കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ വിമർശിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ സിനിമയുടെ റിലീസിനെ സംബന്ധിച്ച് നിർണ്ണായകമാകും.



