കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ പാലായിൽ മത്സരിക്കുമെന്ന മന്ത്രി റോഷി അഗസ്റ്റിന്റെ പ്രഖ്യാപനം ‘സ്നേഹക്കൂടുതൽ’ കൊണ്ട് ഉള്ളതാണെന്ന് ജോസ് കെ. മാണി. റോഷി അഗസ്റ്റിൻ തന്നോടുള്ള സ്നേഹം കൊണ്ടാണ് അങ്ങനെ പ്രതികരിച്ചതെന്നും സ്ഥാനാർത്ഥിത്വത്തിൽ പാർട്ടി ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.(Roshy Augustine said it with love, Jose K Mani with explanation)
എൽ.ഡി.എഫിന്റെ മധ്യമേഖല വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി നടന്ന വാർത്താ സമ്മേളനത്തിനിടെയാണ് ചർച്ചകൾക്ക് ആസ്പദമായ സംഭവമുണ്ടായത്. പാലായിൽ മത്സരിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ജോസ് കെ. മാണി മറുപടി നൽകാൻ തുടങ്ങവേ, റോഷി അഗസ്റ്റിൻ മൈക്ക് വാങ്ങി ഇടപെടുകയായിരുന്നു.
ജോസ് കെ. മാണി മത്സരിക്കും, അതിൽ സംശയം എന്താണെന്ന് ചോദിച്ച അദ്ദേഹം, അതൊക്കെ പാർട്ടിയുടെ തീരുമാനമാണ്, സജ്ജമായി തന്നെ രംഗത്തുവരും, പാലായിൽ തന്നെയാകും മത്സരമെന്നും, സജീവമായി നേരിടുമെന്നും കൂട്ടിച്ചേർത്തു. ജോസ് കെ. മാണിയെ ഇരുത്തിക്കൊണ്ട് റോഷി അഗസ്റ്റിൻ തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നത് പാർട്ടിയിൽ ചെയർമാന്റെ കരുത്ത് കുറയുന്നതിന്റെ സൂചനയാണെന്ന് സൈബർ അണികൾ പ്രചരിപ്പിച്ചിരുന്നു.



