കൊച്ചി: ചോറ്റാനിക്കരയിൽ പതിനാറുകാരി മരിച്ച സംഭവത്തിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചു. പുത്തൻകുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ സൈബർ പോലീസ് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. (Death of 16-year-old girl in Chottanikkara, Special team to investigate)
കേസ് അന്വേഷണം ഇഴഞ്ഞുനീങ്ങുന്നുവെന്ന വ്യാപകമായ വിമർശനത്തിന് പിന്നാലെയാണ് പോലീസിന്റെ ഈ അടിയന്തര നടപടി. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട കൊറിയൻ സുഹൃത്ത് മരിച്ചതിലുള്ള മനോവിഷമം കാരണമാണ് താൻ ആത്മഹത്യ ചെയ്യുന്നതെന്നാണ് പെൺകുട്ടിയുടെ കത്തിൽ പറയുന്നത്. എന്നാൽ, ഈ മൊഴിയിൽ വലിയ ദുരൂഹതയുണ്ടെന്നാണ് പെൺകുട്ടി പഠിച്ച സ്കൂളിലെ അധ്യാപകർ ആരോപിക്കുന്നത്.
പെൺകുട്ടിയുടെ മരണത്തിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്താൻ ഡിജിറ്റൽ തെളിവുകൾ നിർണ്ണായകമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഇതിന്റെ ഭാഗമായി പെൺകുട്ടി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്കായി തിരുവനന്തപുരത്തേക്ക് അയച്ചു.



