തിരുവനന്തപുരം: തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാഗർകോവിലിൽ റോഡ് ഷോ നടത്തും. ഇതിൽ പങ്കെടുക്കാനായി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അദ്ദേഹം ഹെലികോപ്റ്റർ മാർഗ്ഗമാണ് നാഗർകോവിലിലേക്ക് തിരിക്കുന്നത്.(PM Modi in Thiruvananthapuram, Will hold a road show in Tamil Nadu)
വൈകുന്നേരം 4:15-ന് നാഗർകോവിൽ ഹെലിപ്പാഡിലിറങ്ങുന്ന പ്രധാനമന്ത്രി രണ്ട് ഘട്ടങ്ങളിലായാണ് റോഡ് ഷോ നടത്തുന്നത്. ഹെലിപ്പാഡ് മുതൽ വെപ്പമൂഡ് വരെയാണ് ഒന്നാം ഘട്ടം. രണ്ടാം ഘട്ടത്തിൽ വൈകുന്നേരം 4:30 മുതൽ 5:30 വരെ വെപ്പമൂഡ് മുതൽ വടച്ചേരി വരെയുള്ള പാതയിൽ പര്യടനം നടത്തും. ജില്ലയിലെ ആറ് നിയമസഭാ മണ്ഡലങ്ങളിലെയും എൻഡിഎ സ്ഥാനാർത്ഥികൾ പ്രധാനമന്ത്രിക്കൊപ്പം റോഡ് ഷോയിൽ അണിനിരക്കും.
ഇത് ബിജെപി പ്രവർത്തകർക്കിടയിൽ വലിയ ആവേശമുണ്ടാക്കിയിട്ടുണ്ട്. അമ്പതിനായിരത്തിലധികം പ്രവർത്തകർ പരിപാടിയിൽ പങ്കെടുക്കാൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദക്ഷിണേന്ത്യയിൽ ബിജെപിയുടെ സ്വാധീനം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രിയുടെ ഈ സന്ദർശനം. പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് നാഗർകോവിലിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നഗരത്തിൽ വ്യാപകമായ ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

