ബ്രസ്സൽസ്: യൂറോപ്യൻ യൂണിയനിൽ ഉക്രെയ്ന് വോട്ടവകാശമില്ലാത്ത ‘അസോസിയേറ്റ് അംഗത്വം’ നൽകാനുള്ള ജർമ്മനിയുടെ നിർദ്ദേശം തികച്ചും അനീതിയാണെന്ന് ഉക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി ( Volodymyr Zelenskyy EU Membership). യൂറോപ്യൻ യൂണിയൻ നേതാക്കൾക്ക് അയച്ച ഔദ്യോഗിക കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജർമ്മൻ ചാൻസലർ ഫ്രീഡ്രിച്ച് മെർസ് മുന്നോട്ടുവെച്ച ഈ നിർദ്ദേശം സ്വീകരിച്ചാൽ, യൂണിയനിലെ ചർച്ചകളിൽ പങ്കാളികളാകാമെങ്കിലും വോട്ടവകാശം ഉണ്ടാകില്ലെന്നും, ഇത് ഉക്രെയ്നെ നിശബ്ദമാക്കുന്നതിന് തുല്യമാണെന്നും സെലൻസ്കി കുറ്റപ്പെടുത്തി. റഷ്യൻ അനുകൂലിയും ഉക്രെയ്ന്റെ ഇയു പ്രവേശനത്തെ ശക്തമായി എതിർത്തിരുന്നതുമായ ഹംഗേറിയൻ മുൻ പ്രധാനമന്ത്രി വിക്ടർ ഓർബൻ കഴിഞ്ഞ മാസത്തെ പൊതുതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട് പുറത്തായ സാഹചര്യത്തിൽ, പൂർണ്ണ അംഗത്വത്തിനായുള്ള ചർച്ചകൾ വേഗത്തിലാക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണിതെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. തങ്ങൾ ഭാഗികമായല്ല, മറിച്ച് പൂർണ്ണമായാണ് യൂറോപ്പിന്റെ സുരക്ഷയ്ക്കായി റഷ്യക്കെതിരെ പോരാടുന്നതെന്നും അതിനാൽ തുല്യ അവകാശങ്ങൾക്ക് രാജ്യം അർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യൂറോപ്യൻ യൂണിയൻ പ്രവേശനത്തിനായുള്ള നയതന്ത്ര നീക്കങ്ങൾ ശക്തമാക്കുന്നതിനൊപ്പം റഷ്യൻ അതിർത്തിക്കുള്ളിലെ സൈനിക, സാമ്പത്തിക കേന്ദ്രങ്ങൾക്ക് നേരെയും ഉക്രെയ്ൻ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. അതിർത്തിയിൽ നിന്നും 1,700 കിലോമീറ്റർ അകലെയുള്ള റഷ്യയുടെ പെർം മേഖലയിലെ പ്രമുഖ കെമിക്കൽ പ്ലാന്റായ മെറ്റാഫ്രാക്സ് കെമിക്കൽസിന് നേരെ ഉക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ പ്ലാന്റിന്റെ പ്രവർത്തനം പൂർണ്ണമായി തടസ്സപ്പെട്ടു. റഷ്യൻ സൈന്യത്തിന് ആവശ്യമായ സ്ഫോടകവസ്തുക്കളും മിസൈൽ എഞ്ചിനുകളും നിർമ്മിക്കുന്ന കേന്ദ്രമാണിത്. കൂടാതെ യരോസ്ലാവ് മേഖലയിലെ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെയും ആക്രമണമുണ്ടായി. ഈ വർഷം മാത്രം തങ്ങൾ 590 ചതുരശ്ര കിലോമീറ്റർ പ്രദേശം റഷ്യൻ അധിനിവേശത്തിൽ നിന്നും തിരിച്ചുപിടിച്ചതായും, ഏകദേശം 86,000 റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായും സെലൻസ്കി അവകാശപ്പെട്ടു. ഉക്രെയ്ന്റെ ഈ മുന്നേറ്റങ്ങൾ റഷ്യയെ ഒടുവിൽ ചർച്ചകളുടെ മേശയിലേക്ക് വരാൻ നിർബന്ധിതരാക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
Summary: Ukrainian President Volodymyr Zelenskyy rejected a German proposal for an “associate” EU membership, calling it unfair as it would deny Kyiv voting rights. Following the electoral defeat of Hungary’s pro-Russian leader Viktor Orban, Zelenskyy urged EU leaders to accelerate the process for full integration. Meanwhile, Ukraine continues its strategic deeper strikes inside Russia, halting a major chemical plant supplying military complexes.

