വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കെടുത്ത വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് അത്താഴവിരുന്നിനിടെ വെടിയൊച്ച കേട്ടത് വലിയ പരിഭ്രാന്തി പരത്തി. വാഷിംഗ്ടൺ ഹിൽട്ടൺ ഹാളിൽ ശനിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ പ്രസിഡന്റിനെയും പ്രഥമ വനിത മെലാനിയ ട്രംപിനെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.(Shooting at Trump’s dinner, US President and First Lady evacuated to safety)
മാധ്യമപ്രവർത്തകരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത വാർഷിക വിരുന്നിനിടെ ഹാളിന് പുറത്താണ് വെടിയൊച്ച കേട്ടതെന്നാണ് പ്രാഥമിക വിവരം. ഉദ്യോഗസ്ഥർ സെക്കൻഡുകൾക്കുള്ളിൽ തന്നെ പ്രസിഡന്റിനെ വളയുകയും സുരക്ഷിതമായി വേദിയിൽ നിന്ന് മാറ്റുകയും ചെയ്തു.
ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒരാളെ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.സംഭവത്തിന് പിന്നാലെ ട്രംപ് സുരക്ഷാ ഉദ്യോഗസ്ഥരെ അഭിനന്ദിച്ചു. സംഭവത്തെത്തുടർന്ന് സുരക്ഷ ശക്തമാക്കുകയും ചെയ്തു.

