കീവ്: റഷ്യയുടെ ശക്തമായ വ്യോമാക്രമണത്തിൽ യുക്രൈനിൽ കുറഞ്ഞത് 14 പേർ കൊല്ലപ്പെട്ടു. യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി വലിയ ആക്രമണം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മിസൈൽ ആക്രമണം ഉണ്ടായത് (Kyiv Lviv Dnipro Russian Attack). തലസ്ഥാനമായ കീവിലും പടിഞ്ഞാറൻ നഗരമായ ലിവിവിലും ഉൾപ്പെടെ നിരവധി പ്രദേശങ്ങളിലാണ് ആക്രമണം നടന്നത്. ലിവിവിൽ ആക്രമണത്തെ തുടർന്ന് പോളണ്ട് സ്വന്തം വ്യോമപരിധിയുടെ സുരക്ഷയ്ക്കായി യുദ്ധവിമാനങ്ങൾ സജ്ജമാക്കിയതായി പോളിഷ് സായുധ സേന അറിയിച്ചു.
കീവിൽ പുലർച്ചെ ഒന്നരയോടെ നിരവധി സ്ഫോടന ശബ്ദങ്ങൾ കേട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇവിടെ ഒരാൾ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഡ്നിപ്രോപെട്രോവ്സ്കിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ ആറ് പേരും പോൾട്ടാവയിൽ ഒരാളും കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. സെലെൻസ്കിയുടെ ജന്മനാടായ ക്രിവി റിഹിൽ റഷ്യൻ ഇസ്കന്ദർ-എം ബാലിസ്റ്റിക് മിസൈൽ പതിച്ചതിനെ തുടർന്ന് ആറ് പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ അഞ്ച്, 12 വയസുള്ള രണ്ട് പെൺകുട്ടികളും ഉൾപ്പെടുന്നു. നിരവധി പേർക്ക് പരിക്കേറ്റതായും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തനം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
ലിവിവിൽ രണ്ട് അപ്പാർട്ട്മെന്റ് കെട്ടിടങ്ങൾക്ക് മിസൈൽ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചു. 26 പേർക്ക് പരിക്കേറ്റതായും രക്ഷാപ്രവർത്തകർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും അധികൃതർ അറിയിച്ചു.
യുക്രൈനിലെ സൈനിക കേന്ദ്രങ്ങളാണ് ആക്രമണത്തിന്റെ ലക്ഷ്യമെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. കീവ്, ലിവിവ്, ഡ്നിപ്രോപെട്രോവ്സ്ക് എന്നിവിടങ്ങളിലെ കേന്ദ്രങ്ങൾക്കൊപ്പം കരിങ്കടൽ മേഖലയിലെ ഒഡേസയ്ക്കു സമീപം ആയുധങ്ങൾ കൊണ്ടുപോയതായി ആരോപിച്ച മൂന്ന് ചരക്ക് കപ്പലുകളെയും ലക്ഷ്യമിട്ടതായി റഷ്യ അറിയിച്ചു.
റഷ്യൻ മിസൈൽ ഭീഷണിയിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ അനിവാര്യമാണെന്ന് സെലെൻസ്കി പ്രതികരിച്ചു. ഈ ഉത്തരവാദിത്വം യുക്രൈനോ ഒരു രാജ്യത്തിനോ മാത്രം ഏറ്റെടുക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കൻ സന്ദർശനത്തിന് പിന്നാലെയായിരുന്നു സെലെൻസ്കിയുടെ മുന്നറിയിപ്പ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയിൽ പാട്രിയറ്റ് മിസൈൽ നിർമാണത്തിന് ആവശ്യമായ അനുമതി യുക്രൈനിന് നൽകാമെന്ന് ധാരണയായതായി സെലെൻസ്കി പറഞ്ഞിരുന്നു. റഷ്യൻ ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള പ്രധാന സംവിധാനങ്ങളിലൊന്നാണ് പാട്രിയറ്റ്, എന്നാൽ യുക്രൈനിൽ ഇതിന്റെ ഇന്റർസെപ്റ്റർ മിസൈലുകൾക്ക് ക്ഷാമമുണ്ട്.
അതേസമയം, റഷ്യയിലെ പെൻസ നഗരത്തിൽ യുക്രൈൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഓൺലൈൻ വ്യാപാര സ്ഥാപനമായ വൈൽഡ്ബെറീസിന്റെ ഗോഡൗണിന് തീപിടിച്ചതായി റഷ്യൻ അധികൃതർ അറിയിച്ചു. ഒരാൾക്ക് പരിക്കേറ്റതായും 200ഓളം പേരെ ഒഴിപ്പിച്ചതായും റിപ്പോർട്ടുണ്ട്. റഷ്യയുടെ യുദ്ധശ്രമങ്ങൾക്ക് സഹായിക്കുന്ന സാധനങ്ങൾ കമ്പനി കൈകാര്യം ചെയ്യുന്നുവെന്ന് സെലെൻസ്കി ആരോപിച്ചിരുന്നെങ്കിലും റഷ്യ ഇത് നിഷേധിച്ചു.
Summary: Russia launched major air strikes across Ukraine, killing at least 14 people, including children. The attacks came a day after President Volodymyr Zelenskyy warned of a possible large-scale assault and urged allies to provide stronger air defence support.


