ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം മൂർച്ഛിക്കുന്നതിനിടെ, ഇന്ത്യയിലേക്ക് വരികയായിരുന്ന ചരക്ക് കപ്പൽ ഉൾപ്പെടെ രണ്ട് കപ്പലുകൾ ഇറാന്റെ റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു (India Bound Ship Seized Iran). ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന കപ്പലുകൾ നാവിഗേഷൻ നിയമങ്ങൾ ലംഘിച്ചുവെന്നും സുരക്ഷാ ഭീഷണി ഉയർത്തിയെന്നും ആരോപിച്ചാണ് ഇറാന്റെ നടപടി.
‘എപാമിനോണ്ടാസ്’ (EPAMINONDAS), ‘എംഎസ്‌സി ഫ്രാൻസെസ്ക’ (MSC FRANCESCA) എന്നീ കപ്പലുകളാണ് ഇറാൻ പിടിച്ചെടുത്ത് തീരത്തേക്ക് മാറ്റിയത്. ലൈബീരിയൻ പതാകയുള്ള എപാമിനോണ്ടാസ് ദുബായിലെ ജബൽ അലിയിൽ നിന്ന് ഗുജറാത്തിലേക്ക് വരികയായിരുന്നു. കപ്പലുകൾ പിടിച്ചെടുക്കുന്നതിന് തൊട്ടുമുൻപായി മൂന്ന് കപ്പലുകൾക്ക് നേരെ ഇറാൻ വെടിവെപ്പ് നടത്തിയിരുന്നു. ഒമാൻ തീരത്തിന് സമീപം വെച്ച് എപാമിനോണ്ടാസിന് നേരെ നടന്ന വെടിവെപ്പിൽ കപ്പലിന്റെ ബ്രിഡ്ജിന് കാര്യമായ കേടുപാടുകൾ സംഭവിച്ചു. പനാമ പതാകയുള്ള ‘യൂഫോറിയ’, ‘എംഎസ്‌സി ഫ്രാൻസെസ്ക’ എന്നിവയാണ് ആക്രമിക്കപ്പെട്ട മറ്റ് കപ്പലുകൾ. ഇതിൽ ഫ്രാൻസെസ്കയുടെ ഉടൽഭാഗത്തിന് (Hull) കേടുപാടുകൾ പറ്റിയിട്ടുണ്ട്.
ഇറാൻ്റെ മേലുള്ള വെടിനിർത്തൽ കാലാവധി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അനിശ്ചിതകാലത്തേക്ക് നീട്ടി മണിക്കൂറുകൾക്കുള്ളിലാണ് ഇറാൻ്റെ ഈ പ്രത്യാക്രമണം. ഇറാന്റെ ഭാഗത്തുനിന്ന് കൃത്യമായ സമാധാന നിർദ്ദേശം വരുന്നത് വരെ വെടിനിർത്തൽ തുടരുമെന്നാണ് ട്രംപ് അറിയിച്ചിരുന്നത്. ഹോർമുസ് കടലിടുക്കിൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം തുടരാൻ സൈന്യത്തിന് ട്രംപ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഉപരോധം കാരണം ഇറാന്റെ എണ്ണ ഉൽപ്പാദനവും സാമ്പത്തിക രംഗവും കടുത്ത പ്രതിസന്ധിയിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇന്ത്യയിലേക്കുള്ള കപ്പൽ പിടിച്ചെടുത്തത് ആഗോള വിതരണ ശൃംഖലയെയും ഇന്ധന വിലയെയും ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. സ്ഥിതിഗതികൾ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
Summary: In a major escalation, the Iranian Revolutionary Guard (IRGC) has seized two “violating vessels” in the Strait of Hormuz, including an India-bound container ship. The Liberian-flagged EPAMINONDAS, which was sailing from Dubai to Gujarat, and the Panama-flagged MSC FRANCESCA were redirected to the Iranian coast. Earlier, the IRGC had fired upon three ships, causing significant damage to EPAMINONDAS and MSC FRANCESCA. This move follows US President Donald Trump’s decision to extend the ceasefire indefinitely while maintaining a naval blockade at Hormuz, further crippling Iran’s economy.

