ന്യൂയോർക്ക്: ഇന്ത്യൻ ശതകോടീശ്വരൻ ഗൗതം അദാനിക്കെതിരെ അമേരിക്കൻ നീതിന്യായ വകുപ്പ് ചുമത്തിയ ക്രിമിനൽ തട്ടിപ്പ് കുറ്റപത്രങ്ങൾ പിൻവലിക്കാൻ ഒരുങ്ങുന്നതായി സൂചന (Gautam Adani US Case Dropped). സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ ഫയൽ ചെയ്ത സിവിൽ തട്ടിപ്പ് കേസ് 18 മില്യൺ ഡോളർ (ഏകദേശം 150 കോടി രൂപ) പിഴയോടെ അദാനിയും അനന്തരവൻ സാഗർ അദാനിയും ഒത്തുതീർപ്പാക്കിയതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം. കുറ്റസമ്മതം നടത്താതെയാണ് അദാനി ഗ്രൂപ്പ് സിവിൽ കേസ് ഒത്തുതീർപ്പാക്കിയത്.
ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ പവർ പ്ലാന്റ് പദ്ധതിയുടെ അനുമതിക്കായി ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർക്ക് 265 മില്യൺ ഡോളർ കൈക്കൂലി നൽകാൻ അദാനി ഗ്രൂപ്പ് പദ്ധതിയിട്ടെന്നും ഈ വിവരം മറച്ചുവെച്ച് യുഎസ് നിക്ഷേപകരിൽ നിന്ന് വായ്പകളും ബോണ്ടുകളും വഴി 3 ബില്യൺ ഡോളറിലധികം സമാഹരിച്ചെന്നുമാണ് 2024 നവംബറിൽ യുഎസ് പ്രൊസിക്യൂട്ടർമാർ കുറ്റപ്പെടുത്തിയത്. എന്നാൽ അദാനി ഗ്രൂപ്പ് ഈ ആരോപണങ്ങൾ പൂർണ്ണമായും നിഷേധിച്ചിരുന്നു. യുഎസ് സമ്പദ്‌വ്യവസ്ഥയിൽ 10 ബില്യൺ ഡോളറിന്റെ നിക്ഷേപവും 15,000 തൊഴിലവസരങ്ങളും അദാനി വാഗ്ദാനം ചെയ്ത പശ്ചാത്തലത്തിൽ, കേസ് നിലനിൽക്കുന്നത് നിക്ഷേപത്തെ ബാധിക്കുമെന്ന് അദാനിയുടെ അഭിഭാഷകർ യുഎസ് നീതിന്യായ വകുപ്പിനെ ധരിപ്പിച്ചതായാണ് റിപ്പോർട്ട്.
അമേരിക്കയിലെ കേസുകൾ ഒഴിഞ്ഞുപോകുന്നത് അദാനി ഗ്രൂപ്പിന് വലിയ ആശ്വാസമാകുമെങ്കിലും ഇന്ത്യയിലെ സെക്യൂരിറ്റീസ് നിയമങ്ങൾ ലംഘിച്ചതുമായി ബന്ധപ്പെട്ട ഒൻപതോളം കേസുകളിൽ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI) അന്വേഷണം തുടരുകയാണ്. ഹിൻഡൻബർഗ് റിസർച്ച് ഉന്നയിച്ച സ്റ്റോക്ക് മാനിപുലേഷൻ ഉൾപ്പെടെയുള്ള മറ്റ് മൂന്ന് പ്രധാന ആരോപണങ്ങൾ കഴിഞ്ഞ വർഷം സെബി തള്ളിയിരുന്നു. യുഎസ് വാർത്ത പുറത്തുവന്നതോടെ അദാനി എന്റർപ്രൈസസ് ഉൾപ്പെടെയുള്ള കമ്പനികളുടെ ഓഹരികളിൽ സമ്മിശ്ര പ്രതികരണമാണ് വിപണിയിൽ ദൃശ്യമായത്.
Summary: The U.S. Justice Department is close to dropping criminal fraud charges against Indian billionaire Gautam Adani, following an $18 million settlement in a parallel civil fraud lawsuit with the SEC. Prosecutors had previously accused Adani of a $265 million bribery scheme involving Indian officials to secure a major solar project. Adani’s legal team successfully argued that the U.S. lacked proper jurisdiction and evidence, paving the way for the dismissal as Adani continues plans for a $10 billion investment in the U.S. economy.

