ഏഥൻസ്: ഗ്രീസിൽ കാട്ടുതീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾക്കിടെ രണ്ട് ഫയർഫൈറ്റിംഗ് ഹെലികോപ്റ്ററുകൾ ആകാശത്തുവെച്ച് കൂട്ടിയിടിച്ച് തകർന്നു. അപകടത്തിൽ ഡാനിഷ് പൈലറ്റും ഗ്രീക്ക് ഫയർ സർവീസ് ഉദ്യോഗസ്ഥനും തൽക്ഷണം കൊല്ലപ്പെട്ടു. അപകടത്തിൽപ്പെട്ട രണ്ടാമത്തെ ഹെലികോപ്റ്ററിലുണ്ടായിരുന്ന ബ്രിട്ടീഷ് പൈലറ്റും ഗ്രീക്ക് ഉദ്യോഗസ്ഥനും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.(Firefighting Helicopters Collide Midair In Greece Two Killed In Wildfire Rescue Mission)
തലസ്ഥാനമായ ഏഥൻസിന് 65 കിലോമീറ്റർ പടിഞ്ഞാറ് അറ്റിക്ക-ബൊയോട്ടിയ അതിർത്തിയിലെ സാത്ത പ്രദേശത്തായിരുന്നു അപകടം. ഓസ്‌ട്രേലിയൻ കമ്പനിയായ മക്ഡെർമോട്ട് ഏവിയേഷനിൽ നിന്ന് വാടകയ്‌ക്കെടുത്ത ബെൽ ഹെലികോപ്റ്ററുകളാണ് അപകടത്തിൽപ്പെട്ടത്. ഒരു ഹെലികോപ്റ്ററിന്റെ പ്രൊപ്പല്ലറിൽ രണ്ടാമത്തെ ഹെലികോപ്റ്റർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തീപിടിച്ച ഒരു ഹെലികോപ്റ്റർ താഴ്‌വരയിലേക്ക് പതിച്ചു.
രണ്ടാമത്തെ ഹെലികോപ്റ്റർ സമീപത്തെ പുൽമേട്ടിൽ അടിയന്തരമായി ഇറക്കാൻ കഴിഞ്ഞതാണ് രണ്ടുപേരുടെ ജീവൻ രക്ഷിച്ചത്. ഇതിലുണ്ടായിരുന്ന ബ്രിട്ടീഷ് പൈലറ്റും ഗ്രീക്ക് ഓഫീസറും രക്ഷാപ്രവർത്തകരെ വിവരം അറിയിച്ചതിനെ തുടർന്നാണ് ആംബുലൻസുകൾ എത്തിയത്. അപകടത്തെ തുടർന്ന് മുൻകരുതലിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള ബെൽ ഹെലികോപ്റ്ററുകളുടെ സേവനം താൽക്കാലികമായി നിർത്തിവെച്ചതായി ഗ്രീക്ക് സിവിൽ പ്രൊട്ടക്ഷൻ മന്ത്രാലയം അറിയിച്ചു. ദുരന്തത്തിൽ ഗ്രീക്ക് പ്രധാനമന്ത്രി ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.
Story Summary
Two firefighting Bell helicopters collided mid-air west of Athens while tackling a massive wildfire in Greece. A Danish pilot and a Greek liaison officer lost their lives, while a British pilot and another Greek coordinator survived with minor injuries after making an emergency landing.


