കിൻഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ കിഴക്കൻ പ്രവിശ്യയായ ഇറ്റൂരിയിൽ പുതിയ എബോള രോഗബാധയെത്തുടർന്ന് 80 പേർ മരണമടഞ്ഞതായി കോംഗോ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു ( Ebola Outbreak Congo). വ്യാഴാഴ്ച നടത്തിയ സാമ്പിൾ പരിശോധനകളിൽ രോഗവ്യാപനത്തിന് കാരണം എബോള വൈറസിന്റെ ‘ബുന്ദിബുഗ്യോ’ വകഭേദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതുവരെ 246 പേർക്ക് രോഗബാധ സംശയിക്കുന്നതായും ബുനിയയിലെ ഇവാഞ്ചലിക്കൽ മെഡിക്കൽ സെന്ററിൽ പനി, രക്തസ്രാവം, ഛർദ്ദി എന്നീ ലക്ഷണങ്ങളോടെ മരണപ്പെട്ട ഒരു നഴ്സാണ് രോഗത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് കരുതുന്നതെന്നും ആരോഗ്യ മന്ത്രി സാമുവൽ റോജർ കാംബ മുലാംബ പ്രസ്താവനയിൽ അറിയിച്ചു.
കോംഗോയിൽ ഇതിനു മുൻപുണ്ടായ 16 എബോള വ്യാപനങ്ങളും ‘സയർ’ വകഭേദം മൂലമായിരുന്നുവെന്നും, പുതിയ വകഭേദം പ്രതിരോധ പ്രവർത്തനങ്ങളെ സങ്കീർണ്ണമാക്കുമെന്നും പ്രമുഖ വൈറോളജിസ്റ്റ് ജീൻ-ജാക്വസ് മുയേംബെ വ്യക്തമാക്കി. നിലവിലുള്ള പ്രതിരോധ വാക്സിനുകളും ചികിത്സകളും സയർ വകഭേദത്തെ ലക്ഷ്യമിട്ട് വികസിപ്പിച്ചവയായതിനാൽ പുതിയ വൈറസിനെതിരെ ഇവ ഫലപ്രദമാകാൻ സാധ്യത കുറവാണ്. അയൽരാജ്യങ്ങളായ ഉഗാണ്ടയിലേക്കും ദക്ഷിണ സുഡാനിലേക്കും രോഗം പടരാൻ സാധ്യതയുള്ളതിനാൽ ആഫ്രിക്കാ സിഡിസി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ഇതിനോടകം ഉഗാണ്ടയുടെ തലസ്ഥാനമായ കമ്പാലയിൽ കോംഗോയിൽ നിന്നെത്തിയ ഒരാൾ ഈ വൈറസ് ബാധിച്ചു മരണപ്പെട്ടിട്ടുണ്ട്. ഇറ്റൂരി പ്രവിശ്യയിൽ നിലനിൽക്കുന്ന ആഭ്യന്തര കലാപങ്ങളും ഗോത്രവർഗ്ഗ സംഘർഷങ്ങളും ആരോഗ്യ സംവിധാനങ്ങളെ തകർത്തത് രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ലോകാരോഗ്യ സംഘടന അടിയന്തര പ്രതിരോധ പ്രവർത്തനങ്ങൾക്കായി 5 ലക്ഷം ഡോളർ അനുവദിച്ചിട്ടുണ്ട്.
Summary: A new Ebola outbreak in the Democratic Republic of Congo’s eastern Ituri province has claimed 80 lives, with health officials confirming the presence of the rare Bundibugyo strain. This variant poses a significant challenge as existing vaccines and treatments were primarily developed for the more common Zaire strain. The outbreak comes amidst a severe security crisis caused by militia clashes in the region, which has heavily strained local healthcare infrastructure. Regional surveillance has been heightened, with neighboring Uganda already reporting one imported fatal case in Kampala.

