മുംബൈ: ഐപിഎൽ 2026-ലെ ലീഗ് ഘട്ടം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ പ്ലേ ഓഫ് പോരാട്ടം ആവേശകരമായ ഘട്ടത്തിലാണ് (IPL 2026 Playoff Scenarios). മുംബൈ ഇന്ത്യൻസ്, ലഖ്‌നൗ സൂപ്പർ ജയന്റ്സ് എന്നീ ടീമുകൾ ഇതിനകം പുറത്തായെങ്കിലും ബാക്കി എട്ട് ടീമുകൾക്കും ഇപ്പോഴും പ്ലേ ഓഫ് സാധ്യതയുണ്ട്. നിലവിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, ഗുജറാത്ത് ടൈറ്റൻസ്, സൺറൈസേഴ്സ് ഹൈദരാബാദ്, പഞ്ചാബ് കിങ്സ് എന്നിവരാണ് ആദ്യ നാല് സ്ഥാനങ്ങളിൽ.
പ്രധാന ടീമുകളുടെ സാധ്യതകൾ ഇങ്ങനെ:
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (16 പോയിന്റ്): രണ്ട് മത്സരങ്ങൾ ബാക്കിയുള്ള ആർസിബിക്ക് പ്ലേ ഓഫ് ഉറപ്പിക്കാൻ സ്വന്തം പ്രകടനം മാത്രം മതിയാകും. രണ്ട് കളിയും ജയിച്ചാൽ 20 പോയിന്റോടെ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഒന്നിലെത്താം. മികച്ച നെറ്റ് റൺറേറ്റും (+1.053) അവർക്ക് തുണയാകും.
ഗുജറാത്ത് ടൈറ്റൻസ് (16 പോയിന്റ്): ആർസിബിയെപ്പോലെ തന്നെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജയിച്ചാൽ ജിടിക്ക് ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്താം. നിലവിൽ തുടർച്ചയായ അഞ്ച് വിജയങ്ങളുടെ കരുത്തിലാണ് അവർ.
സൺറൈസേഴ്സ് ഹൈദരാബാദ് (14 പോയിന്റ്): പ്ലേ ഓഫ് ഉറപ്പിക്കാൻ ശേഷിക്കുന്ന രണ്ട് കളിയും ജയിക്കണം. ആർസിബിയോ ഗുജറാത്തോ മത്സരങ്ങൾ തോറ്റാൽ മാത്രമേ ഹൈദരാബാദിന് ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്താൻ കഴിയൂ.
പഞ്ചാബ് കിങ്സ് (13 പോയിന്റ്): ആദ്യ നാലിൽ ഉണ്ടെങ്കിലും പഞ്ചാബിന്റെ കാര്യം പരുങ്ങലിലാണ്. പരമാവധി 17 പോയിന്റ് മാത്രമാണ് ഇവർക്ക് നേടാനാവുക. ചെന്നൈയോ രാജസ്ഥാനോ എല്ലാ കളിയും ജയിച്ചാൽ പഞ്ചാബ് പുറത്തായേക്കും.
ചെന്നൈ സൂപ്പർ കിങ്സ് (12 പോയിന്റ്), രാജസ്ഥാൻ റോയൽസ് (12 പോയിന്റ്): ഇരുടീമുകൾക്കും ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും ജയിക്കേണ്ടതുണ്ട്. ഒപ്പം മുകളിലുള്ള ടീമുകളുടെ പരാജയത്തിനായി കാത്തിരിക്കുകയും വേണം.
ഡൽഹി ക്യാപിറ്റൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നിവർക്ക് അത്ഭുതങ്ങൾ സംഭവിച്ചാൽ മാത്രമേ ഇനി പ്ലേ ഓഫ് സാധ്യതയുള്ളൂ. ഡൽഹിക്ക് പരമാവധി 14 പോയിന്റ് മാത്രമേ നേടാനാവൂ എന്നതും മോശം റൺറേറ്റും തിരിച്ചടിയാണ്.
Summary: The IPL 2026 playoff race is intensifying with eight teams still in contention for the top four spots. While RCB and Gujarat Titans are in a strong position with 16 points each, Sunrisers Hyderabad and Punjab Kings follow closely. Teams like CSK, Rajasthan Royals, Delhi Capitals, and KKR need crucial wins and favorable results from other matches to keep their playoff dreams alive.

