മുംബൈ: ഐപിഎൽ 2026 സീസണിലെ ദയനീയ പ്രകടനത്തിന് പിന്നാലെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ടീം വിടാനൊരുങ്ങുന്നതായി റിപ്പോർട്ട് (Hardik Pandya Quits Mumbai Indians). മാനസികമായ സമ്മർദ്ദവും കടുത്ത തളർച്ചയും കാരണം ഫ്രാഞ്ചൈസിയിൽ തുടരാൻ താല്പര്യമില്ലെന്ന് 32-കാരനായ ഹാർദിക് മാനേജ്‌മെന്റിനെ ഔദ്യോഗികമായി അറിയിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഈ സീസണിന്റെ പകുതിയോടെ തന്നെ മുംബൈ ഇന്ത്യൻസ് പ്ലേ ഓഫ് കാണാതെ പുറത്തായതോടെ, ഇരുപക്ഷവും പരസ്പര ധാരണയോടെ ടീം വിടാനുള്ള തീരുമാനത്തിൽ എത്തിച്ചേരുകയായിരുന്നു. രോഹിത് ശർമ്മയ്ക്ക് പകരക്കാരനായി 2024-ൽ മുംബൈയുടെ നായകസ്ഥാനം ഏറ്റെടുത്തത് മുതൽ സ്റ്റേഡിയങ്ങളിലും സോഷ്യൽ മീഡിയയിലും ആരാധകരിൽ നിന്ന് നേരിടേണ്ടി വന്ന കടുത്ത ഹൂവിംഗും വിമർശനങ്ങളും ഹാർദിക്കിനെ മാനസികമായി അസ്വസ്ഥനാക്കിയിരുന്നു.
സീനിയർ കളിക്കാർ തമ്മിലുള്ള ഭിന്നതയും ഡ്രെസ്സിംഗ് റൂമിലെ മോശം അന്തരീക്ഷവും ഹാർദിക്കിന്റെ തീരുമാനത്തെ സ്വാധീനിച്ചതായാണ് സൂചന. ഇന്ത്യൻ ടീമിന് വേണ്ടി കളിക്കുമ്പോൾ പൂർണ്ണ പ്രതിബദ്ധത ആവശ്യപ്പെടുന്ന ചില മുതിർന്ന താരങ്ങൾ, താൻ മുംബൈ ഇന്ത്യൻസിനെ നയിച്ചപ്പോൾ അർഹിച്ച പിന്തുണ നൽകിയില്ലെന്ന വിഷമം ഹാർദിക്കിനുണ്ടെന്ന് ടീമുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു. കൂടാതെ ഈ സീസണിൽ താരത്തിന് കടുത്ത പുറംവേദനയും അലട്ടിയിരുന്നു. മുംബൈ ഇന്ത്യൻസുമായി പൂർണ്ണമായും ബന്ധം അവസാനിപ്പിക്കുന്ന പാണ്ഡ്യ വരും സീസണിൽ മറ്റൊരു ടീമിലേക്ക് ട്രേഡ് ചെയ്യപ്പെടുമോ അതോ മെഗാ ലേലത്തിൽ പങ്കെതുക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. നിലവിലെ സാഹചര്യത്തിൽ മാനസികമായ സമാധാനവും മികച്ച അന്തരീക്ഷവും ആഗ്രഹിക്കുന്ന ഹാർദിക്കിന് ചെന്നൈ സൂപ്പർ കിംഗ്സ് ഒരു മികച്ച ഓപ്ഷനായിരിക്കുമെന്നും വിലയിരുത്തലുകളുണ്ട്.
Summary: Mumbai Indians captain Hardik Pandya is reportedly set to quit the franchise after feeling mentally stressed and exhausted following a disastrous IPL 2026 season. The 32-year-old all-rounder informed the management of his decision mid-season once the team’s play-off hopes were dashed. Reports suggest that internal rifts within the MI dressing room and continuous fan heckling over the last two years heavily influenced his decision to mutually part ways with the team.

