സംഗ്രൂർ: പഞ്ചാബിലെ സംഗ്രൂരിലുള്ള ഭാരതീയ ജനതാ പാർട്ടി (ബിജെപി) ഓഫീസിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു (Punjab BJP Office Attack). തിങ്കളാഴ്ച പുലർച്ചെ നടന്ന ആക്രമണത്തിൽ ഓഫീസിന്റെ പുറംഭിത്തിക്ക് തീപിടിച്ച് കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പുലർച്ചെ മൂന്ന് മണിയോടെയാണ് അജ്ഞാതൻ പെട്രോൾ നിറച്ച ഗ്ലാസ് കുപ്പി ഓഫീസിന് നേരെ എറിഞ്ഞതെന്ന് പൊലീസ് അറിയിച്ചു. കുപ്പി കെട്ടിടത്തിന്റെ പുറംഭിത്തിയിൽ തട്ടി തീപിടിക്കുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു.
പെട്രോൾ ബോംബായി ഉപയോഗിച്ച കുപ്പിയുടെ അവശിഷ്ടങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഓഫീസിലെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ആക്രമണം ഒരാൾ മാത്രമാണോ നടത്തിയതെന്നും മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
സംഗ്രൂർ എസ്.പി ദിവേന്ദ്ര അത്രി മാധ്യമങ്ങളോട് സംസാരിക്കവെ, പെട്രോൾ നിറച്ച ബിയർ കുപ്പി ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമാക്കി. പ്രതികൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, ഉടൻ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഫോറൻസിക് സംഘവും സ്ഥലത്തെത്തി സാമ്പിളുകൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവത്തെ തുടർന്ന് സംസ്ഥാനത്തെ നിയമ-സമാധാന സ്ഥിതിയെ ചോദ്യം ചെയ്ത് ബിജെപി നേതാക്കൾ രംഗത്തെത്തി. ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് ആരോപിച്ച ബിജെപി നേതാവ് രൺദീപ് ദിയോൾ, രണ്ട് യുവാക്കളാണ് പെട്രോൾ ബോംബ് തയ്യാറാക്കി ഓഫീസിന് നേരെ എറിഞ്ഞതെന്ന് പറഞ്ഞു. നേരത്തെ ചണ്ഡീഗഡിലെ ബിജെപി ഓഫീസിനും സമാനമായ ആക്രമണം ഉണ്ടായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പഞ്ചാബ് ബിജെപി നേതാവ് രവ്നീത് സിങ് ബിട്ടുവും സംഭവത്തെ വിമർശിച്ച് രംഗത്തെത്തി. മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ സ്വന്തം ജില്ലയായ സംഗ്രൂരിൽ തന്നെ ബിജെപി ഓഫീസിന് നേരെ പെട്രോൾ ബോംബ് ആക്രമണം ഉണ്ടായത് സംസ്ഥാനത്തെ നിയമ-സമാധാന സംവിധാനത്തിന്റെ യഥാർത്ഥ അവസ്ഥ വ്യക്തമാക്കുന്നതാണെന്ന് അദ്ദേഹം ആരോപിച്ചു. ഇത്തരം ഭീഷണികൾക്ക് ബിജെപി പ്രവർത്തകർ വഴങ്ങില്ലെന്നും പഞ്ചാബിന്റെ സമാധാനവുമായി കളിക്കാൻ അനുവദിക്കില്ലെന്നും ബിട്ടു എക്‌സ് പ്ലാറ്റ്‌ഫോമിലെ കുറിപ്പിൽ വ്യക്തമാക്കി.
Summary: A petrol bomb was allegedly hurled at the BJP office in Punjab’s Sangrur, damaging the building’s outer wall but causing no injuries. Police have launched an investigation, while BJP leaders have criticised the state’s law-and-order situation.


