ന്യൂഡൽഹി: വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നൽകിയ വിശദീകരണങ്ങൾ തൃപ്തികരമല്ലെന്ന് പ്രതിപക്ഷം. മണ്ഡല പുനർനിർണ്ണയത്തിലും സംസ്ഥാനങ്ങളിലെ സീറ്റ് വിഭജനത്തിലും വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ വേണമെന്നും കൃത്യമായ ധാരണയിലെത്തിയ ശേഷം മാത്രമേ ബില്ല് പാസ്സാക്കാവൂ എന്നും പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെട്ടു.(Women’s reservation bill, Opposition says central explanation is not satisfactory)
ഭാവിയിൽ കേവല ഭൂരിപക്ഷം ഉപയോഗിച്ച് മണ്ഡല പുനർനിർണ്ണയം ഏകപക്ഷീയമായി നടപ്പിലാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഇന്ത്യ സഖ്യം ആരോപിച്ചു. ഓരോ സംസ്ഥാനത്തെയും സീറ്റുകളുടെ എണ്ണം നിശ്ചയിക്കുന്നതിൽ കൃത്യത വേണമെന്ന നിലപാടിൽ പ്രതിപക്ഷം ഉറച്ചുനിൽക്കുകയാണ്.
വനിതാ സംവരണത്തിലൂടെ രാജ്യം പുതിയ ചരിത്രം എഴുതുകയാണെന്ന് ഡൽഹിയിൽ നടന്ന ‘നാരീശക്തി വന്ദൻ’ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനമാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. സ്ത്രീകൾ ഭരണകൂടത്തിന്റെ അവിഭാജ്യ ഘടകമാകുന്നത് ജനാധിപത്യത്തിന് കരുത്ത് നൽകുമെന്നും വനിതാ കേന്ദ്രീകൃതമായ വികസനമാണ് രാജ്യത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

