സ്ത്രീയെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി: തല മാലിന്യകൂമ്പാരത്തിൽ; വീട്ടുടമസ്ഥൻ അറസ്റ്റിൽ
May 25, 2023, 12:02 IST

ഹൈദരാബാദ്: സ്ത്രീയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ഫ്രിജിൽ സൂക്ഷിച്ച വീട്ടുടമസ്ഥൻ അറസ്റ്റിൽ. കഴിഞ്ഞ ആഴ്ചയാണ് അൻപത്തിയഞ്ചുകാരിയായ അനുരാധയുടെ തല കറുത്ത പോളിത്തീൻ കവറിൽ പൊതിഞ്ഞ നിലയിൽ മുസീ നദിക്കു സമീപമുള്ള അഫ്സൽ നഗർ കമ്യൂണിറ്റി ഹാളിലെ മാലിന്യകൂമ്പാരത്തിൽ ശുചീകരണ തൊഴിലാളികൾ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ടു നടന്ന അന്വേഷണത്തിന് ഒടുവിലാണ് ഇന്നലെ ബി.ചന്ദ്ര മോഹൻ(48) അറസ്റ്റിലായത്. മറ്റു ശരീരഭാഗങ്ങൾ വിവിധ ഇടങ്ങളിൽ ഉപേക്ഷിക്കുന്നതിനായി ഫ്രിജിൽ സൂക്ഷിച്ചിരിക്കുകയായിരുന്നെന്നും പൊലീസ് കണ്ടെത്തി. ചന്ദ്ര മോഹന്റെ വീടിന്റെ താഴത്തെ നിലയിലാണ് അനുരാധ താമസിച്ചിരുന്നത്. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നെന്നും പൊലീസ് പറയുന്നു. ചന്ദ്ര മോഹൻ ഇവരിൽനിന്ന് ഏഴു ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇതു തിരികെ നൽകാൻ അനുരാധ സമ്മർദ്ദം ചെലുത്തിയപ്പോഴാണ് ഇയാൾ കൊലപാതകത്തിനു പദ്ധതിയിട്ടതെന്നാണ് വിവരം. മേയ് 12 ഇരുവരും തമ്മിൽ വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്ന് ചന്ദ്ര മോഹൻ അനുരാധയെ കത്തി ഉപയോഗിച്ചു കുത്തി കൊല്ലപ്പെടുകയുമായിരുന്നു. അനുരാധ മരിച്ചിട്ടില്ലെന്ന് കാണിക്കാൻ അവരുടെ ഫോണിൽ നിന്ന് ബന്ധുക്കൾക്ക് സന്ദേശമയയ്ക്കുകയും ചെയ്തുവന്നെന്നും പൊലീസ് അറിയിച്ചു.