

പാറ്റ്‌ന: വർദ്ധിച്ചു വരുന്ന സ്വർണ്ണ മോഷണങ്ങളും സുരക്ഷാ ഭീഷണികളും കണക്കിലെടുത്ത് ജ്വല്ലറികളിൽ മുഖം മറച്ചുള്ള പ്രവേശനത്തിന് നിയന്ത്രണമേർപ്പെടുത്തി ബീഹാർ. ജ്വല്ലറി ഷോപ്പുകളിൽ പൂർണ്ണമായും മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾ ധരിച്ചെത്തുന്നവർക്ക് നിയന്ത്രണം കൊണ്ടുവരുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഇതോടെ ബീഹാർ മാറി.
ഓൾ ഇന്ത്യ ജ്വല്ലേഴ്സ് ആൻഡ് ഗോൾഡ് ഫെഡറേഷൻ (AIJGF) നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നത്. ഹിജാബ്, നിഖാബ്, ബുർക്ക, ഹെൽമറ്റ് അല്ലെങ്കിൽ മുഖം പൂർണ്ണമായും മറയ്ക്കുന്ന മറ്റേതെങ്കിലും തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് ജ്വല്ലറിക്കുള്ളിൽ പ്രവേശിക്കാനോ സ്വർണം വാങ്ങാനോ വിൽക്കാനോ കഴിയില്ല. ജ്വല്ലറികളിൽ പ്രവേശിക്കുന്നതിന് മുൻപ് നിർബന്ധമായും തിരിച്ചറിയൽ പരിശോധനയ്ക്ക് വിധേയരാകണം. സിസിടിവി ക്യാമറകളിൽ മുഖം വ്യക്തമായി പതിയുന്നു എന്ന് ഉറപ്പാക്കാനാണിത് എന്നാണ് നിർദ്ദേശം.
കഴിഞ്ഞ വർഷം ഭോജ്പൂരിലെ ജ്വല്ലറിയിൽ നടന്ന 25 കോടിയുടെ വൻ കവർച്ച ഉൾപ്പെടെയുള്ള സംഭവങ്ങളാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് അധികൃതരെ നയിച്ചത്.
സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ജ്വല്ലറി ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കാനാണ് ഈ നടപടിയെന്ന് AIJGF സ്റ്റേറ്റ് പ്രസിഡന്റ് അശോക് കുമാർ വർമ്മ വ്യക്തമാക്കി. കുറ്റവാളികളെ എളുപ്പത്തിൽ തിരിച്ചറിയാൻ ഇത് പോലീസിനെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.