

ബെലഗാവി: കർണാടകയിലെ ബെലഗാവി ജില്ലയിലുള്ള പഞ്ചസാര ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ച് രണ്ട് തൊഴിലാളികൾ കൊല്ലപ്പെട്ടു. എട്ട് പേർക്ക് പരിക്കേറ്റ അപകടത്തിൽ നാല് പേരുടെ നില ഗുരുതരമാണ്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ സവാദത്തി താലൂക്കിലെ മരകുമ്പി ഗ്രാമത്തിലുള്ള ഇനാംദാർ ഷുഗർ ഫാക്ടറിയിലാണ് സംഭവം.
ബോയിലറിന്റെ വാൽവ് നന്നാക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് പ്രാഥമിക വിവരം. വൻ ശബ്ദത്തോടെയുണ്ടായ സ്ഫോടനത്തിൽ ഫാക്ടറിയുടെ ഒരു ഭാഗം തകർന്നു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രികളിലേക്ക് മാറ്റി. ഒരാളെ ബെയ്ൽഹോങ്കൽ ആശുപത്രിയിലും മറ്റുള്ളവരെ ബെലഗാവിയിലെ വിവിധ ആശുപത്രികളിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
ബെലഗാവി റൂറൽ എസ്.പി കെ. രാമരാജൻ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ നിർദ്ദേശം നൽകിയതായി അദ്ദേഹം അറിയിച്ചു.
സംഭവത്തിൽ സാങ്കേതിക പിഴവോ ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള അശ്രദ്ധയോ ഉണ്ടായിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്. അപകടത്തെത്തുടർന്ന് മുൻകരുതൽ നടപടിയായി ഫാക്ടറിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കാൻ അധികൃതർ ഉത്തരവിട്ടു.
വിദഗ്ധ സംഘം സ്ഥലത്തെത്തി ബോയിലറിന്റെ കാലപ്പഴക്കവും സുരക്ഷാ മാനദണ്ഡങ്ങളും പരിശോധിക്കും. അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം ഫാക്ടറി ഉടമകൾക്കെതിരെ തുടർനടപടികൾ സ്വീകരിക്കും.