

ന്യൂഡൽഹി: അതിർത്തി കടന്നുള്ള കള്ളക്കടത്ത് തടയാൻ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (DRI) നടത്തിയ 'ഓപ്പറേഷൻ സ്ലെഡ്ജ് ഹാമറിൽ' 40 കോടി രൂപയുടെ വിദേശ സ്വർണം പിടികൂടി. ഡൽഹിയിലും അഗർത്തലയിലുമായി നടത്തിയ മിന്നൽ പരിശോധനകളിൽ സിൻഡിക്കേറ്റിലെ നാല് പ്രധാനികളെ അറസ്റ്റ് ചെയ്തു. ദുബായ്, ബംഗ്ലാദേശ് എന്നിവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘമാണ് പിടിയിലായത്.
ജനുവരി ആറിന് ലഭിച്ച അതീവ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡിആർഐ നീക്കം തുടങ്ങിയത്. ത്രിപുരയിലെ അഗർത്തലയിലുള്ള ഒരു ലോജിസ്റ്റിക്സ് വെയർഹൗസിൽ ഡൽഹിയിലേക്ക് അയക്കാൻ തയ്യാറാക്കി വെച്ചിരുന്ന രണ്ട് കൺസൈൻമെന്റുകൾക്കിടയിൽ നിന്ന് 15 കിലോ സ്വർണം കണ്ടെടുത്തു. ഇതിന് മാത്രം 20.73 കോടി രൂപ വില വരും.
വിവിധ കേന്ദ്രങ്ങളിൽ നിന്നായി ആകെ 29.2 കിലോ വിദേശ സ്വർണമാണ് ഡിആർഐ പിടിച്ചെടുത്തത്. ഇതിന്റെ ആകെ വിപണി മൂല്യം 40 കോടി രൂപയാണ്. കടത്തുമായി ബന്ധപ്പെട്ട രേഖകൾക്ക് പുറമെ 2.90 കോടി രൂപയുടെ കള്ളപ്പണവും ഉദ്യോഗസ്ഥർ കണ്ടെടുത്തു.
ബംഗ്ലാദേശ് അതിർത്തി വഴി ഇന്ത്യയിലേക്ക് സ്വർണം ഒളിച്ചുകടത്തുകയാണ് സംഘത്തിന്റെ ആദ്യ ഘട്ടം. തുടർന്ന് പിടിക്കപ്പെടാതിരിക്കാൻ ആഭ്യന്തര കൊറിയർ, ലോജിസ്റ്റിക്സ് സർവീസുകൾ ഉപയോഗിച്ച് ഈ സ്വർണം ഡൽഹിയിലേക്ക് എത്തിക്കും. ദുബായിൽ ഇരുന്നാണ് ഈ ശൃംഖലയുടെ ആസൂത്രണം നടക്കുന്നത്.
കസ്റ്റംസ് നിയമപ്രകാരം കേസെടുത്ത ഡിആർഐ, പിടിയിലായ പ്രതികളെ ചോദ്യം ചെയ്ത് വരികയാണ്. ഇന്ത്യയിലെ മറ്റ് പ്രമുഖ നഗരങ്ങളിലേക്ക് ഈ സംഘത്തിന് ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.