ന്യൂഡൽഹി: നിരവധി ഉപയോക്താക്കളുടെ അക്കൗണ്ടുകൾ മുൻകൂട്ടി മുന്നറിയിപ്പൊന്നുമില്ലാതെ 24 മണിക്കൂർ നേരത്തേക്ക് ‘റിവ്യൂവിലാക്കി’ പ്രമുഖ മെസേജിങ് ആപ്പായ വാട്സാപ്പ്. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ഇന്ത്യയിലുൾപ്പെടെ നിരവധി പേരുടെ അക്കൗണ്ട് സേവനങ്ങൾ പെട്ടെന്ന് തടസ്സപ്പെട്ടത്. ആപ്പിന്റെ ദൈനംദിന ഉപയോഗത്തെയും ജോലിയെയും ഇത് സാരമായി ബാധിച്ചതോടെ സോഷ്യൽ മീഡിയയിലൂടെ നിരവധിയാളുകൾ പരാതിയുമായി രംഗത്തെത്തി.(WhatsApp Accounts Put Under 24 Hour Review Leaving Users Disrupted In India)
നിങ്ങളുടെ അക്കൗണ്ട് പരിശോധനയിലാണ്. സേവന നിബന്ധനകൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ അക്കൗണ്ട് പ്രവർത്തനങ്ങളും ഉപകരണത്തെക്കുറിച്ചുള്ള വിവരങ്ങളും പരിശോധിച്ചുവരികയാണ്. സാധാരണയായി 24 മണിക്കൂറിനുള്ളിൽ ഇതിന്റെ ഫലം അറിയിക്കും, എന്ന സന്ദേശമാണ് ആപ്പ് തുറക്കുമ്പോൾ ഉപയോക്താക്കൾക്ക് കാണാൻ സാധിക്കുന്നത്. ഇതിനൊപ്പം ഉത്തരവാദിത്തത്തോടെ വാട്സാപ്പ് എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ചുള്ള നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്.
സംഭവം വിവാദമായതോടെ വിഷയത്തിൽ വിശദീകരണവുമായി വാട്സാപ്പ് വക്താവ് രംഗത്തെത്തി. ദുരുപയോഗം തടയാനും ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനുമാണ് അക്കൗണ്ടുകൾ പരിശോധിക്കുന്നതെന്നും, അപൂർവ്വമായി ചില തെറ്റുകൾ സംഭവിക്കാറുണ്ടെന്നും അത് എത്രയും വേഗം പരിഹരിച്ച് അക്കൗണ്ടുകൾ പുനഃസ്ഥാപിക്കുമെന്നും കമ്പനി വ്യക്തമാക്കി. എന്നാൽ, ഔദ്യോഗിക ആപ്പ് മാത്രം ഉപയോഗിക്കുന്ന തങ്ങളുടെ അക്കൗണ്ടുകൾ യാതൊരു കാരണവുമില്ലാതെ ബ്ലോക്ക് ചെയ്തതിൽ കടുത്ത അമർഷത്തിലാണ് ഉപയോക്താക്കൾ.
Story Summary
WhatsApp put multiple user accounts, including in India, under a 24 hour review without prior notice, temporarily disabling service features. Meta clarified that the measure was intended to curb abuse and promised to resolve any unintended bans swiftly.


