കൊൽക്കത്ത: പശ്ചിമ ബംഗാളിലെ തദ്ദേശ സ്ഥാപനങ്ങളിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ മുൻ അഗ്നിശമന സേവന മന്ത്രി സുജിത് ബോസ് അറസ്റ്റിൽ. ചോദ്യം ചെയ്യലിനോട് സഹകരിക്കാത്തതും മൊഴികളിലെ വൈരുദ്ധ്യവുമാണ് അറസ്റ്റിലേക്ക് നയിച്ചതെന്ന് ഇഡി ഉദ്യോഗസ്ഥർ വ്യക്തമാക്കി. കൊൽക്കത്തയിലെ പ്രശസ്തമായ ദുർഗ്ഗാപൂജകളുടെ മുഖ്യ സംഘാടകൻ കൂടിയായ സുജിത് ബോസിന്റെ അറസ്റ്റ് ബംഗാൾ രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിട്ടുണ്ട്.(TMC Leader Sujit Bose Arrested ED Municipal Recruitment Scam)
2009 മുതൽ ബിധാനഗർ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന സുജിത് ബോസ് അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു. 37,330 വോട്ടുകൾക്കാണ് അദ്ദേഹം പരാജയം രുചിച്ചത്. മോശം റോഡുകൾ, മാലിന്യ നിർമ്മാർജ്ജനത്തിലെ പാളിച്ചകൾ, വെള്ളക്കെട്ട് തുടങ്ങിയ വിഷയങ്ങളിൽ ജനങ്ങൾക്കുണ്ടായ അതൃപ്തിയാണ് അദ്ദേഹത്തിന്റെ പരാജയത്തിന് കാരണമായതെന്ന് വിലയിരുത്തപ്പെടുന്നു.
മുൻ മുഖ്യമന്ത്രി ബിധാൻ ചന്ദ്ര റോയിയുടെ പേരിൽ അറിയപ്പെടുന്ന ബിധാനഗർ ഒരുകാലത്ത് സിപിഐഎമ്മിന്റെ കോട്ടയായിരുന്നു. സുജിത് ബോസ് പിന്നീട് തൃണമൂലിൽ ചേരുകയായിരുന്നു. ബംഗാളിലെ വിവിധ മുനിസിപ്പാലിറ്റികളിലെ വിവിധ തസ്തികകളിലേക്ക് പണം വാങ്ങി അനധികൃതമായി നിയമനം നടത്തിയെന്നാണ് ആരോപണം.
Story Summary
TMC leader Sujit Bose was arrested by ED in connection with the municipal recruitment scam after 10 hours of questioning. The former minister recently lost his seat in Bidhannagar due to public dissatisfaction over civic issues.

