ന്യൂഡൽഹി: നിരാഹാര സമരം തുടരുന്നതിനിടെ ആരോഗ്യനില ഗുരുതരമായി വഷളായ പരിസ്ഥിതി പ്രവർത്തകനും വിദ്യാഭ്യാസ പ്രവർത്തകനുമായ സോനം വാങ്ചുക്കിനെ ഡൽഹി പൊലീസ് ആശുപത്രിയിലേക്ക് മാറ്റി (Sonam Wangchuk Hospitalised). ഡൽഹി ഹൈക്കോടതിയുടെ നിർദേശവും മെഡിക്കൽ വിദഗ്ധരുടെ ശുപാർശയും അനുസരിച്ചാണ് നടപടി സ്വീകരിച്ചതെന്ന് പൊലീസ് അറിയിച്ചു. വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ജന്തർ മന്തറിൽ പ്രതിഷേധക്കാർ തടസ്സം സൃഷ്ടിക്കാൻ ശ്രമിച്ചതിനെ തുടർന്ന് നേരിയ സംഘർഷാവസ്ഥ രൂപപ്പെട്ടതായി ഡൽഹി പൊലീസ് വ്യക്തമാക്കി. എന്നിരുന്നാലും, പൊലീസ് പരമാവധി സംയമനം പാലിച്ചാണ് നടപടി പൂർത്തിയാക്കിയതെന്നും അധികൃതർ അറിയിച്ചു. പ്രതിഷേധക്കാർ എത്രയും വേഗം ജന്തർ മന്തർ സമാധാനപരമായി ഒഴിയണമെന്നും ഡൽഹി പൊലീസ് അഭ്യർഥിച്ചു.
വാങ്ചുക്കിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും അവയവങ്ങളുടെ പ്രവർത്തനം തകരാൻ സാധ്യതയുണ്ടെന്നുമാണ് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി എട്ട് കിലോഗ്രാമിലധികം ഭാരം കുറഞ്ഞതായും നിരാഹാര സമരം തുടരുന്നതിനാൽ ആരോഗ്യനില വേഗത്തിൽ മോശമാകുകയാണെന്നും മെഡിക്കൽ സംഘം വ്യക്തമാക്കിയിരുന്നു. ആരോഗ്യനില മോശമായിട്ടും ജൂലൈ 20-ന് ആരംഭിക്കുന്ന പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന്റെ ആദ്യദിവസം വരെ താൻ സമരം തുടരുമെന്ന് വാങ്ചുക്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അന്ന് പാർലമെന്റിലേക്ക് സമാധാനപരമായ മാർച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
“ശരീരപരമായി ഞാൻ ക്ഷീണിതനാണെങ്കിലും മനസ്സുകൊണ്ട് വളരെ ശക്തനാണ്. ജൂലൈ 20-ന് നാം എല്ലാവരും ചേർന്ന് ജനാധിപത്യത്തിന്റെ ക്ഷേത്രമായ പാർലമെന്റിലേക്ക് സമാധാനപരമായി മാർച്ച് നടത്തും. എന്തുവിലകൊടുത്തും ആ ദിവസം വരെ ഞാൻ ജീവിച്ചിരിക്കും. നിങ്ങൾ എത്തിയില്ലെങ്കിൽ ഞാൻ പ്രേതമായി തിരിച്ചുവരുമെന്നും,” അനുയായികളോട് അദ്ദേഹം വികാരഭരിതമായി പറഞ്ഞിരുന്നു. വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയ സാഹചര്യത്തിൽ പ്രതിഷേധത്തിന്റെ തുടർനടപടികളും ജൂലൈ 20-ലെ മാർച്ചും സംബന്ധിച്ച് പ്രതിഷേധക്കാരുടെ അടുത്ത നീക്കങ്ങൾ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.
Summary: Activist Sonam Wangchuk has been shifted to a hospital after his health deteriorated during an indefinite hunger strike. Delhi Police said the move was carried out on medical advice and under High Court directions, while Wangchuk remains determined to continue his protest and participate in a planned Parliament march on July 20.


