ബോളിവുഡിൽ അവസരങ്ങൾ തേടി എത്തിയ ഒരു യുവ അഭിനേത്രിയുടെ ജീവിതം വ്യാജ സിനിമാ ഓഫറിന്റെ പേരിൽ അതിദാരുണമായി അവസാനിച്ച സംഭവം വീണ്ടും ശ്രദ്ധ നേടുന്നു. നടി കരീന കപൂർ പ്രധാന കഥാപാത്രമായ ഹീറോയിൻ ചിത്രത്തിന്റെ സെറ്റിൽ പരിചയപ്പെട്ട സഹപ്രവർത്തകരാണ് പിന്നീട് നടി മീനാക്ഷി താപ്പയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന കേസ് ഇന്ത്യൻ സിനിമാ ലോകത്തെ ഏറ്റവും നടുക്കിയ കുറ്റകൃത്യങ്ങളിലൊന്നായി ഇന്നും ഓർമ്മിക്കപ്പെടുന്നു (Meenakshi Thapa Murder Case).
26 കാരിയായ മീനാക്ഷി താപ്പ ഡെറാഡൂണിൽ നിന്ന് മുംബൈയിലെത്തി സിനിമയിൽ അവസരങ്ങൾ തേടുകയായിരുന്നു. 404 എന്ന ചിത്രത്തിലും പിന്നീട് മധുർ ഭണ്ഡാർക്കർ സംവിധാനം ചെയ്ത ഹീറോയിൻ സിനിമയിലും ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ചിരുന്ന മീനാക്ഷി അവിടെയാണ് അമിത് ജയ്സ്വാളിനെയും പ്രീതി സുരിനെയും പരിചയപ്പെടുന്നത്.
സൗഹൃദത്തിന്റെ മറവിൽ ആസൂത്രിത ഗൂഢാലോചന
മീനാക്ഷിയുടെ കുടുംബം സാമ്പത്തികമായി സമ്പന്നരാണെന്ന തെറ്റായ ധാരണയിലാണ് അമിത് ജയ്സ്വാളും പ്രീതി സുരിനും തട്ടിക്കൊണ്ടുപോകൽ പദ്ധതി തയ്യാറാക്കിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഉത്തർപ്രദേശിൽ ഒരു സിനിമയിൽ അഭിനയിക്കാൻ അവസരമുണ്ടെന്ന വ്യാജേന അവർ മീനാക്ഷിയെ യാത്രയ്ക്ക് ക്ഷണിച്ചു.
2012 മാർച്ച് 13-ന് ഇവർക്കൊപ്പം മീനാക്ഷി അലഹാബാദിലേക്ക് (ഇപ്പോൾ പ്രയാഗ്‌രാജ്) യാത്ര തിരിച്ചു. തുടർന്ന് മീനാക്ഷിയുമായി കുടുംബത്തിന് ബന്ധപ്പെടാൻ കഴിഞ്ഞില്ല.
15 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു
മാർച്ച് 17-ന് മീനാക്ഷിയുടെ അമ്മയ്ക്ക് അജ്ഞാത നമ്പരിൽ നിന്ന് സന്ദേശമെത്തി. മകളെ മോചിപ്പിക്കാൻ മൂന്ന് ദിവസത്തിനുള്ളിൽ 15 ലക്ഷം രൂപ നൽകണമെന്നായിരുന്നു ആവശ്യം. പണം നൽകിയില്ലെങ്കിൽ മീനാക്ഷിയെ അശ്ലീല ചിത്രങ്ങളിൽ അഭിനയിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ കുടുംബത്തിന് ആവശ്യപ്പെട്ട തുക കണ്ടെത്താൻ കഴിഞ്ഞില്ല. ലഭ്യമായ ഏകദേശം 60,000 രൂപ മാത്രമാണ് മീനാക്ഷിയുടെ അക്കൗണ്ടിലേക്ക് അയച്ചത്. എന്നാൽ അതിന് മുമ്പേ മീനാക്ഷി കൊല്ലപ്പെട്ടിരുന്നുവെന്നാണ് പിന്നീട് അന്വേഷണത്തിൽ വ്യക്തമായത്.
കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; മൃതദേഹം സെപ്റ്റിക് ടാങ്കിൽ
അന്വേഷണ റിപ്പോർട്ടുകൾ പ്രകാരം മീനാക്ഷിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന്റെ തല വേർപെടുത്തുകയായിരുന്നു. തലയില്ലാത്ത മൃതദേഹം അലഹാബാദിലെ പ്രീതി സുരിന്റെ കുടുംബവീട്ടിനടുത്തുള്ള സെപ്റ്റിക് ടാങ്കിൽ ഉപേക്ഷിച്ചു. വേർപെടുത്തിയ തല ബസിൽ ലഖ്നൗവിലേക്ക് കൊണ്ടുപോയി വഴിമധ്യേ എവിടെയോ ഉപേക്ഷിച്ചതായാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്. എന്നാൽ വ്യാപക തിരച്ചിൽ നടത്തിയിട്ടും മീനാക്ഷിയുടെ തല പിന്നീട് കണ്ടെത്താനായില്ല.
ഒരു സിം കാർഡ് തെളിവായി
കൊലപാതകത്തിന് ശേഷവും പ്രതികൾ മീനാക്ഷിയുടെ കുടുംബത്തിൽ നിന്ന് പണം തട്ടാൻ ശ്രമിച്ചു. തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചെങ്കിലും മീനാക്ഷിയുടെ സിം കാർഡും ഡെബിറ്റ് കാർഡും കൈവശം സൂക്ഷിച്ചതാണ് പ്രതികൾക്ക് തിരിച്ചടിയായത്.
കോൾ റെക്കോർഡുകളും ഇലക്ട്രോണിക് തെളിവുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ 2012 ഏപ്രിൽ 14-ന് മുംബൈയിലെ ബാന്ദ്ര റെയിൽവേ സ്റ്റേഷനടുത്തുള്ള എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ എത്തിയ അമിത് ജയ്സ്വാളിനെയും പ്രീതി സുരിനെയും പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടു ദിവസം കഴിഞ്ഞ് അലഹാബാദിലെ സെപ്റ്റിക് ടാങ്കിൽ നിന്ന് മീനാക്ഷിയുടെ തലയില്ലാത്ത മൃതദേഹവും കണ്ടെത്തി.
ആറു വർഷത്തിന് ശേഷം വിധി
ആറു വർഷം നീണ്ട നിയമനടപടികൾക്കൊടുവിൽ 2018 മേയ് 9-ന് മുംബൈ സെഷൻസ് കോടതി അമിത് ജയ്സ്വാളിനെയും പ്രീതി സുരിനെയും കൊലപാതകത്തിനും മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോകലിനും കുറ്റക്കാരാണെന്ന് കണ്ടെത്തി.
ഈ കേസ് “അപൂർവങ്ങളിൽ അപൂർവമായ കുറ്റകൃത്യം” ആണെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഉജ്ജ്വൽ നികം കോടതിയെ അറിയിച്ചു. പ്രതികൾക്ക് വധശിക്ഷ ആവശ്യപ്പെട്ടെങ്കിലും കോടതി ഇരുവർക്കും ജീവപര്യന്തം തടവുശിക്ഷയാണ് വിധിച്ചത്.
സിനിമയിൽ ഒരു വലിയ അവസരം തേടി മുംബൈയിലെത്തിയ മീനാക്ഷി താപ്പയുടെ ജീവിതം ഒടുവിൽ യാഥാർഥ്യമാകാത്ത ഒരു സിനിമാ ഓഫറിന്റെ പേരിൽ അവസാനിക്കുകയായിരുന്നു. ബോളിവുഡ് ചരിത്രത്തിലെ ഏറ്റവും ക്രൂരമായ യഥാർഥ കുറ്റകൃത്യങ്ങളിലൊന്നായി ഇന്നും ഈ കേസ് ചർച്ച ചെയ്യപ്പെടുന്നു.
Summary: Bollywood actress Meenakshi Thapa was brutally murdered in 2012 after being lured to Uttar Pradesh with a fake film offer by two fellow actors. The accused kidnapped her for ransom, murdered and decapitated her, and were later arrested using digital evidence. Both were convicted and sentenced to life imprisonment in 2018.


