ന്യൂഡൽഹി: ഇന്ത്യയുടെ വിദേശനയത്തെയും എണ്ണ ഇറക്കുമതിയെയും കുറിച്ച് ബിജെപി നേതാവ് റാം മാധവ് നടത്തിയ വിവാദ പരാമർശത്തിന് പിന്നാലെ ആർഎസ്എസിനും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി (Rahul Gandhi RSS Surrender Sangam Remark). ആർഎസ്എസിനെ ‘രാഷ്ട്രീയ സറണ്ടർ സംഘം’ എന്ന് പരിഹസിച്ച രാഹുൽ, റാം മാധവ് സംഘത്തിന്റെ യഥാർത്ഥ സ്വഭാവം വെളിപ്പെടുത്തിയെന്നും ആരോപിച്ചു.
അമേരിക്കൻ നയതന്ത്രജ്ഞർ പങ്കെടുത്ത ഒരു ടിവി ചർച്ചയ്ക്കിടെ, ഇറാനിൽ നിന്നും റഷ്യയിൽ നിന്നുമുള്ള എണ്ണ ഇറക്കുമതി നിർത്തിവച്ചതിലൂടെ ഇന്ത്യ അമേരിക്കൻ താൽപ്പര്യങ്ങൾക്ക് വഴങ്ങിയെന്ന് റാം മാധവ് പറഞ്ഞതാണ് വിവാദമായത്. യുഎസുമായി ഇന്ത്യ ഏർപ്പെട്ട വ്യാപാര കരാറുകളിലെ ഉയർന്ന താരിഫ് നിരക്കുകളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചിരുന്നു. നാഗ്പൂരിൽ വ്യാജ ദേശീയത, യുഎസ്എയിൽ ശുദ്ധമായ അടിമത്തം” എന്നാണ് രാഹുൽ എക്സിൽ കുറിച്ചത്. ഇന്ത്യയുടെ പരമാധികാരം പണയപ്പെടുത്തിയെന്നും ആർഎസ്എസ് അതിന്റെ യഥാർത്ഥ മുഖം പുറത്തെടുത്തുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിംഗ്ടണിന്റെ താളത്തിനൊത്ത് നൃത്തം ചെയ്യുകയാണെന്ന് കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വിമർശിച്ചു. മുൻപ് യുഎസ് ഭീഷണികൾക്ക് വഴങ്ങാത്ത ചരിത്രമുള്ള ഇന്ത്യ ഇന്ന് പരമാധികാരം കൈമാറുന്ന കാഴ്ചയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രസ്താവന വലിയ രാഷ്ട്രീയ വിവാദമായതോടെ റാം മാധവ് മാപ്പ് പറഞ്ഞ് രംഗത്തെത്തി. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്താൻ ഇന്ത്യ സമ്മതിച്ചുവെന്ന് താൻ പറഞ്ഞത് തെറ്റാണെന്നും 50 ശതമാനം താരിഫ് ഏർപ്പെടുത്തുന്നതിനെ ഇന്ത്യ ശക്തമായി എതിർത്തിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. തന്റെ പരാമർശങ്ങൾ തിരുത്തുന്നതായും അദ്ദേഹം അറിയിച്ചു.
Summary: Congress leader Rahul Gandhi slammed the RSS as the “Rashtriya Surrender Sangam” following BJP leader Ram Madhav’s controversial remarks that India surrendered to US interests by stopping oil imports from Russia and Iran. Rahul accused the RSS of practicing “fake nationalism in Nagpur and slavery in the USA.” Amidst intense criticism from the Congress, Ram Madhav apologized and retracted his statement, clarifying that India has not stopped Russian oil imports and continues to oppose high tariffs.

