ബംഗളൂരു: പറന്നുയർന്ന വിമാനം പെട്ടെന്നുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ടതോടെ വൻ വിമാനദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ഫ്ലൈ91 വിമാനമാണ് നാല് മണിക്കൂറോളം ആകാശത്ത് വട്ടംചുറ്റിയ ശേഷം ബംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കിയത്.(Passengers Break Down In Tears During Fly91 Flight’s Mid-Air Scare)
ഇന്നലെ ഉച്ചയ്ക്ക് 3 മണിയോടെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഹുബ്ബള്ളിയിലേക്ക് പുറപ്പെട്ട Fly91 വിമാനമാണ് അപകടത്തിൽപ്പെട്ടത്. വൈകിട്ട് 4:30-ന് ഹുബ്ബള്ളിയിൽ ഇറങ്ങേണ്ടതായിരുന്നു വിമാനം. എന്നാൽ ലാൻഡിംഗിന് തൊട്ടുമുൻപ് സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടതോടെ പൈലറ്റുമാർ ലാൻഡിംഗ് ശ്രമം ഉപേക്ഷിച്ചു.
തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾക്കിടെ വിമാനം ഏകദേശം നാല് മണിക്കൂറോളം മുണ്ട്‌ഗോഡ്, ദാവൻഗരെ, ഷിമോഗ മേഖലകൾക്ക് മുകളിലൂടെ ആകാശത്ത് വട്ടംചുറ്റുകയായിരുന്നു. വിമാനം നിലത്തിറക്കാൻ കഴിയാതെ വന്നതോടെ യാത്രക്കാർ കടുത്ത പരിഭ്രാന്തിയിലായി. പലരും കരയുന്നതും പ്രാർത്ഥിക്കുന്നതും ദൃശ്യമായി. ഒടുവിൽ വൈകിട്ട് 7:30-ഓടെ വിമാനം ബംഗളൂരുവിലേക്ക് തിരിച്ചുവിടുകയും സുരക്ഷിതമായി ഇറക്കുകയും ചെയ്തു.

