'നഗ്നത കാണാന്‍ കഴിയുന്ന കണ്ണട'; ലക്ഷങ്ങള്‍ തട്ടിച്ച പ്രതികള്‍ പിടിയില്‍
Tue, 9 May 2023

ചെന്നൈ: അപൂര്‍വ കണ്ണാടിയും പുരാവസ്തുക്കളും നല്‍കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ മലയാളി ഉള്‍പ്പെട്ട സംഘം ചെന്നൈയില്‍ പിടിയില്‍. ബംഗളൂരു സ്വദേശികളായ ആര്.സൂര്യ, കൂട്ടാളികളായ ഗുബാബീബ് (37), ജിത്തു ജയന് (24), കേരളത്തില്‍ നിന്നുള്ള എസ്. ഇര്‍ഷാദ് (21) എന്നിവരെയാണ് കോയമ്പേട് പോലീസ് അറസ്റ്റ് ചെയ്തത്.
പുരാവസ്തുക്കള്‍ വില്‍ക്കാമെന്ന് വാഗ്ദാനം നല്കി സൂര്യ അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്ന ചെന്നൈയിലെ ഒരു വ്യാപാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. വസ്ത്രത്തിനുള്ളിലൂടെ നഗ്നത കാണാന്‍ കഴിയുന്ന കണ്ണട തങ്ങളുടെ പക്കലുള്ളതായി പറഞ്ഞു ഇവര്‍ പലരേയും കബളിപ്പിച്ചതായും പരാതിയുണ്ട്. ഒരുകോടി രൂപയാണ് ഈ കണ്ണടയുടെ വിലയായി ഇവര്‍ പറഞ്ഞിരുന്നത്. കോടമ്പാക്കത്തെ ഒരു ഹോട്ടലില്‍ നിന്നാണ് നാലു പ്രതികളെയും പിടികൂടിയത്. ഇവരില്‍ നിന്ന് തോക്കും തിരകളും പിടിച്ചെടുത്തിട്ടുണ്ട്.