

ജയ്പൂർ: രാജസ്ഥാനിലെ ഉദയ്പൂരിൽ സ്വകാര്യ ഐടി കമ്പനി മാനേജരായ യുവതിയെ ഓടുന്ന കാറിൽ വെച്ച് സഹപ്രവർത്തകർ കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തിൽ ജികെഎം ഐടി (GKM IT) കമ്പനി സിഇഒ ജിതേഷ് പ്രകാശ് സിസോഡിയ, സ്ഥാപനത്തിലെ വനിതാ എക്സിക്യൂട്ടീവ് മേധാവി ശിൽപ സിരോഹി, ഇവരുടെ ഭർത്താവ് ഗൗരവ് സിരോഹി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ മൂവരും ചേർന്ന് തന്നെ ക്രൂരമായി പീഡിപ്പിച്ചെന്നാണ് അതിജീവിതയുടെ പരാതി.
ഡിസംബർ 20-നായിരുന്നു മനസാക്ഷിയെ നടുക്കിയ സംഭവം നടന്നത്. ഉദയ്പൂർ ഷോബാഗ്പുരയിലുള്ള ഹോട്ടലിൽ സിഇഒ ജിതേഷിന്റെ ജന്മദിന പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു യുവതി. പുലർച്ചെ 1.30-ഓടെ പാർട്ടി കഴിഞ്ഞ് യുവതിയെ വീട്ടിലാക്കാമെന്ന് പറഞ്ഞ് പ്രതികൾ കാറിൽ കയറ്റി. ഗൗരവ് കാർ ഓടിക്കുകയും സിഇഒയും വനിതാ മേധാവിയും യുവതിക്കൊപ്പം പിൻസീറ്റിൽ ഇരിക്കുകയും ചെയ്തു.
യാത്രയ്ക്കിടെ യുവതിക്ക് മയക്കുമരുന്ന് നൽകിയ ശേഷം അബോധാവസ്ഥയിലാക്കി പീഡിപ്പിക്കുകയായിരുന്നു. ബോധം വീണ്ടെടുത്തപ്പോൾ സംശയം തോന്നിയ യുവതി കാറിലെ ഡാഷ്ക്യാം (Dashcam) ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ക്രൂരകൃത്യത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചത്. ഈ വീഡിയോ തെളിവുകളുമായി ഡിസംബർ 23-നാണ് യുവതി പോലീസിനെ സമീപിച്ചത്.
മെഡിക്കൽ പരിശോധനയിൽ യുവതി പീഡനത്തിന് ഇരയായതായി സ്ഥിരീകരിച്ചു. യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ പരിക്കേറ്റതായും ആഭരണങ്ങളും വസ്ത്രങ്ങളും നഷ്ടപ്പെട്ടതായും പോലീസ് കണ്ടെത്തി. ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് പോലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു.
പ്രതികളെ കോടതിയിൽ ഹാജരാക്കി നാല് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ട കേസ് ആയതിനാൽ അതീവ ഗൗരവത്തോടെയാണ് രാജസ്ഥാൻ പോലീസ് അന്വേഷണം നടത്തുന്നത്. തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷയെക്കുറിച്ച് വലിയ ചർച്ചകൾക്കാണ് ഈ സംഭവം വഴിവെച്ചിരിക്കുന്നത്.