

ഹൈദരാബാദ്: സൂപ്പർഹിറ്റ് ചിത്രം 'പുഷ്പ 2'-ന്റെ പ്രീമിയർ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ തെലുങ്ക് താരം അല്ലു അർജുനെ പ്രതിയാക്കി പോലീസ് കുറ്റപത്രം സമർപ്പിച്ചു. കേസിലെ 11-ാം പ്രതിയാണ് അല്ലു അർജുൻ. ഹൈദരാബാദ് ചിക്കടപ്പള്ളി പോലീസ് നമ്പള്ളി കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
അല്ലു അർജുനെ കൂടാതെ അദ്ദേഹത്തിന്റെ മാനേജർ, സ്റ്റാഫ് അംഗങ്ങൾ, എട്ട് ബൗൺസർമാർ എന്നിവർ കുറ്റപത്രത്തിലുണ്ട്.
അല്ലു അർജുനെതിരെയുള്ള കുറ്റം: വലിയ ആൾക്കൂട്ടം ഉണ്ടാകുമെന്ന് ഉറപ്പായിട്ടും മതിയായ മുൻകരുതലുകൾ എടുക്കാതെ താരം സ്ഥലത്തെത്തി. പ്രാദേശിക അധികാരികളുമായോ പോലീസുമായോ സുരക്ഷാ കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിൽ വീഴ്ച വരുത്തിയതായും കുറ്റപത്രത്തിൽ പറയുന്നു.
ഹൈദരാബാദിലെ സന്ധ്യ തിയറ്റർ മാനേജ്‌മെന്റിനെതിരെയും കുറ്റപത്രത്തിൽ പരാമർശമുണ്ട്. നടൻ എത്തുമെന്ന് അറിഞ്ഞിട്ടും ആൾക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ അവർ ഒരുക്കിയില്ല.
2024 ഡിസംബർ നാലിനായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. സിനിമയുടെ പ്രീമിയർ ഷോയ്ക്ക് താരം എത്തിയപ്പോൾ ഉണ്ടായ നിയന്ത്രണാതീതമായ തിരക്കിൽ പെട്ട് എം. രേവതി എന്ന യുവതി ശ്വാസംമുട്ടി മരിക്കുകയായിരുന്നു. ഇവരുടെ ഒമ്പത് വയസ്സുകാരനായ മകന് അപകടത്തിൽ ഗുരുതരമായി പര്യക്കേറ്റിരുന്നു.
ഈ കേസിൽ നേരത്തെ അല്ലു അർജുനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് തെലങ്കാന ഹൈക്കോടതിയാണ് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. കേസ് രജിസ്റ്റർ ചെയ്ത് ഒരു വർഷത്തിന് ശേഷമാണ് ഇപ്പോൾ പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഇത് അല്ലു അർജുന്റെ കരിയറിലും വലിയ നിയമപോരാട്ടങ്ങൾക്ക് വഴിവെച്ചേക്കാം.