ന്യൂഡൽഹി: റിനികി ഭുയാൻ ശർമ്മയ്‌ക്കെതിരെയുള്ള പവൻ ഖേരയുടെ ആരോപണത്തിൽ അസം പോലീസ് കേസ് രജിസ്റ്റർ ചെയ്തതിൽ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയാക്കിയ സുപ്രീം കോടതി വിധി പറയാനായി മാറ്റി വെച്ചു. പവൻ ഖേരയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി ശക്തമായ വാദങ്ങളാണ് കോടതിയിൽ നിരത്തിയത്.(No need to humiliate me with arrest, Pawan Khera tells SC at bail hearing)
മാനനഷ്ടം അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇതിൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ല. പവൻ ഖേരയെ അപമാനിക്കാനാണ് അറസ്റ്റ് നീക്കം നടക്കുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അസം മുഖ്യമന്ത്രിയുടെ പ്രസ്താവനകൾ പവൻ ഖേരയെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിന് പിന്നിലുണ്ട്. മുഖ്യമന്ത്രിയുടെ പെരുമാറ്റം “ഭരണഘടനാപരമായ റാംബോയെപ്പോലെയാണ്” എന്ന് സിംഗ്വി പരിഹസിച്ചു. ഒരു ഭീകരവാദിയെ പിടികൂടുന്നതുപോലെയാണ് 70-ഓളം പോലീസ് ഉദ്യോഗസ്ഥർ ഖേരയുടെ വീട് വളഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഖേര ഒരു പൊതുപ്രവർത്തകനാണെന്നും രാജ്യം വിട്ടുപോകാൻ സാധ്യതയില്ലെന്നും അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. അസം സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ജാമ്യാപേക്ഷയെ ശക്തമായി എതിർത്തു. ഖേര ഹാജരാക്കിയ രേഖകൾ വ്യാജമായി നിർമ്മിച്ചവയാണ്. ഇത്തരം പാസ്‌പോർട്ടുകൾ ആരും നൽകിയിട്ടില്ല. ഈ രേഖകൾ ആരുണ്ടാക്കി, ഇതിന് പിന്നിൽ വിദേശ ശക്തികൾ ഉണ്ടോ എന്ന് കണ്ടെത്താൻ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ്. കേസ് രജിസ്റ്റർ ചെയ്തത് മുതൽ ഖേര ഒളിവിലാണെന്നും സർക്കാർ വാദിച്ചു.

