ജയ്പൂർ: നീറ്റ് പരീക്ഷാ ക്രമക്കേടുകളെ തുടർന്ന് പരീക്ഷ റദ്ദാക്കിയതിൽ മനംനൊന്ത് രാജ്യത്ത് വീണ്ടുമൊരു വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ സികാറിൽ മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന ഝുൻഝുനു സ്വദേശി പ്രദീപ് മേഘ്‌വാൾ (21) ആണ് താമസസ്ഥലത്ത് തൂങ്ങിമരിച്ചത്. പരീക്ഷയിൽ മികച്ച വിജയം പ്രതീക്ഷിച്ചിരുന്ന വിദ്യാർത്ഥി, പരീക്ഷ റദ്ദാക്കിയ വാർത്തയ്ക്ക് പിന്നാലെ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് കുടുംബം അറിയിച്ചു. ഇതോടെ നീറ്റ് വിവാദത്തിന് പിന്നാലെ രാജ്യത്ത് ജീവനൊടുക്കിയ വിദ്യാർത്ഥികളുടെ എണ്ണം നാലായി.(NEET UG 2026 Exam Cancellation Fourth Student Suicide Case Reported From Rajasthan Sikar)
കഴിഞ്ഞ മൂന്ന് വർഷമായി സഹോദരിമാർക്കൊപ്പം സികാറിൽ താമസിച്ച് സ്വകാര്യ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുകയായിരുന്നു പ്രദീപ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് സഹോദരിമാർ മുറിയിലില്ലാതിരുന്ന സമയത്താണ് പ്രദീപ് ഫാനിൽ തൂങ്ങിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മെയ് 3-ന് നടന്ന പരീക്ഷയിൽ 720-ൽ 650 മാർക്കുവരെ പ്രദീപ് പ്രതീക്ഷിച്ചിരുന്നതായും ഇത്തവണ സർക്കാർ മെഡിക്കൽ സീറ്റ് ഉറപ്പായും ലഭിക്കുമെന്ന ആത്മവിശ്വാസത്തിലായിരുന്നുവെന്നും പിതാവ് രാജേഷ് കുമാർ പോലീസിനോട് പറഞ്ഞു. എന്നാൽ പെട്ടെന്നുണ്ടായ പരീക്ഷ റദ്ദാക്കലും ഭാവിെയക്കുറിച്ചുള്ള അനിശ്ചിതത്വവുമാണ് പ്രദീപിനെ വിഷാദത്തിലേക്ക് തള്ളിവിട്ടത്.
രാജ്യവ്യാപകമായി പടരുന്ന വിദ്യാർത്ഥി ആത്മഹത്യകൾ
ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് സമാനമായ ആത്മഹത്യാ വാർത്തകൾ പുറത്തുവരുന്നത്. ഡൽഹിയിലെ ആസാദ്പൂരിൽ ഇരുപതുകാരിയായ നീറ്റ് പരീക്ഷാർത്ഥി ജീവനൊടുക്കിയിരുന്നു. ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ മൂന്നാം ശ്രമത്തിൽ മികച്ച വിജയം പ്രതീക്ഷിച്ചിരുന്ന ഋതിക് മിശ്ര (21) എന്ന വിദ്യാർത്ഥിയും പരീക്ഷ റദ്ദാക്കിയതിൽ മനംനൊന്ത് കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തിരുന്നു. ഇതിനുപുറമെ, ഗോവയിലെ മഡ്ഗാവിലും അക്കാദമിക് സമ്മർദ്ദം താങ്ങാനാവാതെ 17 വയസ്സുകാരനായ നീറ്റ് പരീക്ഷാർത്ഥി തൂങ്ങിമരിച്ചിരുന്നു.
വിദ്യാർത്ഥിയുടെ മരണത്തിൽ കടുത്ത ദുഃഖം രേഖപ്പെടുത്തിയ മുൻ രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്, നീറ്റ് ചോദ്യപേപ്പർ ചോർച്ചയും തുടർന്നുള്ള പരീക്ഷ റദ്ദാക്കലും വിദ്യാർത്ഥികളിൽ കടുത്ത ആശങ്കയും മാനസിക സമ്മർദ്ദവുമാണ് ഉണ്ടാക്കുന്നതെന്ന് എക്സിൽ കുറിച്ചു. തുടർച്ചയായുണ്ടാകുന്ന ഇത്തരം സംഭവങ്ങൾ രാജ്യത്തെ നടുക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, റദ്ദാക്കിയ പരീക്ഷ അടുത്ത മാസം ജൂൺ 21-ന് വീണ്ടും നടത്തുമെന്നും അടുത്ത വർഷം മുതൽ പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമാക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.
Story Summary
A 21-year-old NEET aspirant, Pradeep Meghwal, died by suicide in Sikar, Rajasthan, after becoming distressed over the cancellation of the NEET-UG 2026 exam. Expected to score around 650 marks, Pradeep’s death marks the fourth student suicide reported recently across India, including cases in Delhi, Uttar Pradesh, and Goa, linked to exam stress and cancellation anxiety.

