ന്യൂഡൽഹി: കനത്ത രാഷ്ട്രീയ-നിയമ പോരാട്ടങ്ങൾക്കും പുനപ്പരീക്ഷകൾക്കും പിന്നാലെ ഫലപ്രഖ്യാപനം പൂർത്തിയായ നീറ്റ്-യുജി പരീക്ഷയുമായി ബന്ധപ്പെട്ട് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെ വീണ്ടും പ്രതിരോധത്തിലാക്കി പുതിയ ക്രമക്കേട് ആരോപണം പുറത്ത്. കാൺപൂരിൽ നിന്നുള്ള ആര്യ സിംഗ് എന്ന വിദ്യാർത്ഥിനിയുടെ ഒഎംആർ ഷീറ്റിലും ഫൈനൽ സ്കോറിലും മണിക്കൂറുകൾക്കുള്ളിൽ വ്യാപകമായ മാറ്റങ്ങൾ വരുത്തിയെന്നാണ് പുതിയ വെളിപ്പെടുത്തൽ. തനിക്ക് ആദ്യം ലഭിച്ച സ്കോർ കാർഡുകളുടെ സ്ക്രീൻഷോട്ടുകളും രേഖകളും സഹിതം വിദ്യാർത്ഥിനി എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച വീഡിയോ ഇതിനകം രാജ്യവ്യാപകമായി വലിയ ചർച്ചയായിക്കഴിഞ്ഞു.(NEET UG 2026 Aspirant Arya Singh Alleges OMR Score Card Manipulation By NTA)
ആര്യ സിംഗിന്റെ വെളിപ്പെടുത്തൽ പ്രകാരം, ജൂലൈ 13-ന് എൻടിഎ ഔദ്യോഗിക പോർട്ടലിൽ ഒഎംആർ ഷീറ്റുകൾ ലഭ്യമാക്കിയപ്പോൾ തന്നെ ചോദ്യങ്ങളുടെ ക്രമത്തിൽ വലിയ അപാകത ശ്രദ്ധയിൽപ്പെട്ടിരുന്നു. പരീക്ഷാ ഹാളിൽ താൻ എഴുതിയ ചോദ്യപേപ്പറുമായി ഇത് ഒത്തുനോക്കിയപ്പോൾ 609 മാർക്ക് ലഭിക്കേണ്ട സ്ഥാനത്തായിരുന്നു ഈ ക്രമക്കേട്. തുടർന്ന് എൻടിഎ പോർട്ടൽ വഴി വിദ്യാർത്ഥിനി പരാതി നൽകുകയും, ഏജൻസി ചോദ്യങ്ങളുടെ ക്രമം വെബ്‌സൈറ്റിൽ തിരുത്തുകയും ചെയ്തു. തിരുത്തലിന് ശേഷവും 609 മാർക്ക് തനിക്ക് ഉറപ്പായിരുന്നുവെന്ന് ആര്യ പറയുന്നു. എന്നാൽ ഫലപ്രഖ്യാപന ദിവസം കാര്യങ്ങൾ അട്ടിമറിക്കപ്പെട്ടു. ആദ്യം വെബ്‌സൈറ്റിൽ ലോഗിൻ ചെയ്തപ്പോൾ 540 മാർക്കാണ് കാണിച്ചത്. എന്നാൽ കേവലം രണ്ട് മണിക്കൂറിനുള്ളിൽ വീണ്ടും പരിശോധിച്ചപ്പോൾ സ്കോർ കുത്തനെ ഇടിഞ്ഞ് 167 മാർക്കായി മാറുകയായിരുന്നു. നിലവിൽ 12 ലക്ഷത്തിലധികം ഓൾ ഇന്ത്യ റാങ്കോടെ 167 മാർക്കാണ് എൻടിഎ വെബ്‌സൈറ്റിൽ ആര്യയുടെ പ്രൊഫൈലിലുള്ളത്.
രണ്ടാമത്തെ വട്ടമാണ് ആര്യ നീറ്റ് പരീക്ഷ എഴുതുന്നത്. താൻ കൃത്യമായി ഡൗൺലോഡ് ചെയ്ത ഒഎംആർ ഷീറ്റും മാർക്കുകൾ മാറിമറിഞ്ഞതിന്റെ സ്ക്രീൻഷോട്ടുകളും അടക്കമുള്ള സകല രേഖകളും സഹിതം പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി, എൻടിഎയുടെ ഉയർന്ന ഉദ്യോഗസ്ഥർ എന്നിവർക്ക് വിദ്യാർത്ഥിനി ഇമെയിൽ വഴി ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. തന്റെ ഫലം കൃത്യമായ രീതിയിൽ പുനഃപരിശോധിക്കാൻ അധികാരികൾ തയ്യാറാകണമെന്നാണ് വിദ്യാർത്ഥിനിയുടെ ആവശ്യം.
Story Summary
Arya Singh, a NEET-UG 2026 aspirant from Kanpur, has alleged severe manipulation after her calculated score of 609 marks dropped first to 540 and then to 167 within two hours on result day. Backed by OMR screenshots, she sent a complaint to the PM and Education Minister, amid NTA’s ongoing scrutiny over alleged AI-generated fake sheets.


