മൈസൂരു: കടയിൽ നിന്ന് വാങ്ങിയ കുർക്കുറെ പാക്കറ്റിനുള്ളിലെ സൗജന്യ സമ്മാനമായ ചെറിയ പ്ലാസ്റ്റിക് പന്ത് അബദ്ധത്തിൽ വിഴുങ്ങി അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം (Mysuru child death). മൈസൂരു ജില്ലയിലെ ഹുൻസൂർ താലൂക്കിലുള്ള ഗൗരീപുര ഗ്രാമത്തിലാണ് സംഭവം. ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ഗൗരമ്മയുടെ ചെറുമകനും സന്തോഷ്-ഐശ്വര്യ ദമ്പതികളുടെ മകനുമായ മുകുന്ദ് മയൂർ (5) ആണ് മരണപ്പെട്ടത്.
ശനിയാഴ്ചയായിരുന്നു ദാരുണമായ സംഭവം നടന്നത്. കുർക്കുറെ പാക്കറ്റിനൊപ്പം ലഭിച്ച പ്ലാസ്റ്റിക് പന്ത് ഉപയോഗിച്ച് കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ അത് വായിലേക്ക് ഇടുകയും വിഴുങ്ങുകയുമായിരുന്നുവെന്നാണ് നിഗമനം. കളിച്ചുകൊണ്ടിരുന്ന കുട്ടി പെട്ടെന്ന് ശ്വാസം ലഭിക്കാതെ അസ്വസ്ഥത പ്രകടിപ്പിക്കുന്നതും ബോധരഹിതനായി വീഴുന്നതും കണ്ടാണ് വീട്ടുകാർ വിവരം അറിയുന്നത്.
ഉടൻ തന്നെ കുട്ടിയെ അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശ്വാസനാളത്തിൽ പന്ത് കുടുങ്ങി ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. സംഭവത്തിൽ ഹുൻസൂർ റൂറൽ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Summary: A five-year-old boy named Mukund Mayur died in Mysuru after accidentally swallowing a small plastic toy ball found inside a Kurkure packet while playing. Hunsur Rural Police have registered a case regarding the incident.


