കൊച്ചി: എറണാകുളം മേഖലയിലെ ട്രെയിനുകളിലും റെയിൽവേ സ്‌റ്റേഷനുകളിലും ഫോണുകൾ മോഷ്ടിച്ചുവന്നിരുന്ന അന്തർസംസ്ഥാന സംഘത്തെ പോലീസും ആർ.പി.എഫും ചേർന്ന് പിടികൂടി (Ernakulam railway station theft). എറണാകുളം ആർ.പി.എഫ് യൂണിറ്റ്, ആർ.പി.എഫ് ക്രൈം ഇന്റലിജൻസ്, എറണാകുളം റെയിൽവേ പോലീസ് എന്നിവർ ചേർന്നാണ് പ്രതികളെ വലയിലാക്കിയത്.
ബംഗാൾ സ്വദേശികളായ ബൽറാം നുനിയ, ഭവാനി മോഹൻ പാണ്ഡേ, കൂടാതെ സംഘത്തിലുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരാണ് അറസ്റ്റിലായത്. തൃശൂർ, ആലുവ, എറണാകുളം റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് സ്ഥിരമായി കവർച്ച നടത്തിവന്നിരുന്ന സംഘത്തിൽ നിന്ന് അഞ്ച് ലക്ഷം രൂപയോളം വിലമതിക്കുന്ന 14 സ്മാർട്ട്ഫോണുകൾ ഉദ്യോഗസ്ഥർ കണ്ടെടുത്തു.
കഴിഞ്ഞ ഒരാഴ്ചയായി ഇവർ ഈ റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ മോഷണം നടത്തിവരികയായിരുന്നു. ട്രെയിനുകളിൽ യാത്രക്കാരുടെ തിരക്ക് വർദ്ധിക്കുന്ന സമയങ്ങളിലും ട്രെയിൻ പുറപ്പെടാൻ തയ്യാറെടുക്കുമ്പോഴുമാണ് ഇവർ പ്രധാനമായും ഫോണുകൾ തട്ടിയെടുത്തിരുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടിയെ മുൻനിർത്തിയായിരുന്നു മോഷണങ്ങൾ ഏറെയും നടത്തിയത്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നത്.
ആർ.പി.എഫ് എറണാകുളം സൗത്ത് ഇൻസ്‌പെക്ടർ ബിനോയ് ആന്റണി, ക്രൈം ഇന്റലിജന്റ്‌സ് ഇൻസ്‌പെക്ടർ എ.കെ. ജിപിൻ, ഇൻസ്‌പെക്ടർ കെ. ബാലൻ, എസ്.എച്ച്.ഒ നിസാറുദിൻ, ക്രൈം ഇന്റലിജന്റ്‌സ് ഉദ്യോഗസ്ഥരായ എസ്.ഐ പ്രെയ്‌സ് മാത്യു, എ.എസ്.ഐ വിജയകുമാർ എന്നിവരുൾപ്പെട്ട അന്വേഷണ സംഘമാണ് റെയ്ഡിന് നേതൃത്വം നൽകിയത്. പിടിച്ചെടുത്ത ഫോണുകളും പ്രതികളെയും കോടതിയിൽ ഹാജരാക്കി.
Story Summary: An inter-state gang involved in mobile phone thefts across Ernakulam, Aluva, and Thrissur railway stations was arrested in a joint operation by RPF and Railway Police. 14 stolen mobile phones valued at Rs 5 lakh were recovered from the arrested West Bengal natives.


