മുസഫർനഗർ: കാവഡ് യാത്രയുടെ ഭാഗമായി ഡൽഹി-ഹരിദ്വാർ ദേശീയപാതയിലും ഗംഗാ കനാൽ റോഡിലും ഘട്ടംഘട്ടമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഉത്തർപ്രദേശ് പൊലീസ് അറിയിച്ചു (Kanwar Yatra). ജൂലൈ 30 മുതൽ ഭാരവാഹനങ്ങളുടെ ഗതാഗതം നിയന്ത്രിക്കുമെന്നും ആഗസ്റ്റ് 4 മുതൽ 12 വരെ എല്ലാ തരത്തിലുള്ള വാഹനങ്ങൾക്കും ഈ പാതകളിലൂടെ സഞ്ചരിക്കുന്നതിന് പൂർണ നിരോധനം ഉണ്ടായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ഹരിദ്വാറിലെ ഗംഗാനദിയിൽ നിന്ന് വിശുദ്ധജലം ശേഖരിച്ച് സ്വന്തം പ്രദേശങ്ങളിലെ ശിവക്ഷേത്രങ്ങളിൽ സമർപ്പിക്കുന്ന കാവഡ് യാത്ര ഇത്തവണ ജൂലൈ 30 മുതൽ ആഗസ്റ്റ് 11 വരെയാണ് നടക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് ഭക്തരാണ് തീർഥാടനത്തിൽ പങ്കെടുക്കുന്നത്.
യാത്ര സുഗമവും സുരക്ഷിതവുമായി നടത്തുന്നതിനായി ഡൽഹി-ഹരിദ്വാർ ദേശീയപാതയുടെ ഒരു ഭാഗം കാവഡ് തീർഥാടകർക്കായി മാത്രമായി മാറ്റിവെക്കുമെന്ന് ട്രാഫിക് എസ്.പി അതുൽ കുമാർ ചൗബേ അറിയിച്ചു. യാത്രയുടെ തിരക്ക് കണക്കിലെടുത്താണ് വാഹന നിയന്ത്രണം ഏർപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഗംഗാ കനാൽ റോഡിലെ പ്രധാന സ്നാനഘട്ടങ്ങളിൽ പൊലീസ് ഡൈവർമാരെ വിന്യസിക്കുമെന്ന് ജില്ലാ മജിസ്ട്രേറ്റ് ഉമേഷ് മിശ്ര അറിയിച്ചു. കാവഡ് യാത്രയുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഡൽഹി-ഡെറാഡൂൺ ദേശീയപാതയിലെ രാംപൂർ തിരാഹയിൽ താൽക്കാലിക പൊലീസ് സ്റ്റേഷനും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
സബ് ഇൻസ്പെക്ടർ സുഭാഷ് ചന്ദിനാണ് താൽക്കാലിക പൊലീസ് സ്റ്റേഷന്റെ ചുമതല. 20-ഓളം പൊലീസ് ഉദ്യോഗസ്ഥരെ ഇവിടെ വിന്യസിച്ചിട്ടുണ്ടെന്ന് എസ്.എസ്.പി സഞ്ജയ് കുമാർ അറിയിച്ചു.
Story Summary:
Authorities have announced traffic restrictions on the Delhi-Haridwar highway and Ganga Canal Road during the Kanwar Yatra. Heavy vehicles will be restricted from July 30, while all vehicles will be banned from August 4 to 12 to ensure the safety of pilgrims.


