മുംബൈ: ഇതിഹാസ നടി ശ്രീദേവിയുടെ ചരമവാർഷികത്തോടനുബന്ധിച്ച്, അമ്മയ്ക്ക് നടൻ ഗോവിന്ദയോടുണ്ടായിരുന്ന പ്രത്യേക താല്പര്യത്തെക്കുറിച്ച് ഓർമ്മകൾ പങ്കുവെച്ച് മകൾ ജാൻവി കപൂർ (Janhvi Kapoor). ഗോവിന്ദയുടെ കോമഡി സിനിമകളുടെ വലിയ ആരാധികയായിരുന്നു ശ്രീദേവിയെന്നും ടെലിവിഷനിൽ അദ്ദേഹത്തിന്റെ സിനിമകൾ വരുമ്പോൾ അമ്മ അതീവ താല്പര്യത്തോടെ കണ്ടിരിക്കാറുണ്ടായിരുന്നുവെന്നും ജാൻവി വെളിപ്പെടുത്തി. ‘സണ്ണി സംസ്‌കാരി കി തുളസി കുമാരി’ എന്ന തന്റെ പുതിയ സിനിമയുടെ പ്രചരണത്തിനിടെയായിരുന്നു ജാൻവിയുടെ ഈ വെളിപ്പെടുത്തൽ.
ഗോവിന്ദയുടെ ശാരീരിക ചലനങ്ങളും കൃത്യമായ ടൈമിംഗും ചേർന്നുള്ള കോമഡി ശൈലിയെ ശ്രീദേവി ഏറെ പ്രശംസിച്ചിരുന്നു. ഒരു നടി എന്നതിലുപരി മികച്ചൊരു പ്രേക്ഷകയായി മാറാനും ഗോവിന്ദയുടെ തമാശകൾ ആസ്വദിക്കാനും അവർക്ക് കഴിഞ്ഞിരുന്നുവെന്ന് ജാൻവി ഓർക്കുന്നു. നടൻ വരുൺ ധവാനും ഇതേ അഭിമുഖത്തിൽ പങ്കെടുത്തു. ‘ജുഡ്‌വ 2’ എന്ന സിനിമയിലെ വരുണിന്റെ പ്രകടനത്തെ ശ്രീദേവി പ്രശംസിച്ചിരുന്നതായും ജാൻവി പറഞ്ഞു. വരുണിന്റെ ഊർജ്ജസ്വലത അവരെ അത്ഭുതപ്പെടുത്തിയിരുന്നു. ഇരട്ട വേഷങ്ങൾ അവതരിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് തന്റെ ക്ലാസിക് ചിത്രമായ ‘ചാൽബാസ്’ കണ്ടു പഠിക്കാൻ ശ്രീദേവി വരുണിന് നിർദ്ദേശം നൽകിയിരുന്നതായും താരം വെളിപ്പെടുത്തി.


