ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ ഇരകൾക്ക് ആദരാഞ്ജലി അർപ്പിച്ച് രാഹുൽ ഗാന്ധി. ഭീകരതയ്ക്കെതിരെ രാജ്യം ഒറ്റക്കെട്ടാണെന്നും കുറ്റവാളികളോട് ഒരിക്കലും ക്ഷമിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(India will never bow before forces spreading hatred, fear, says Rahul on Pahalgam attack anniversary
ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ത്യാഗം രാജ്യം ഒരിക്കലും മറക്കില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ക്രൂരമായി കവർന്നെടുക്കപ്പെട്ട ആ നിരപരാധികളുടെ ഓർമ്മകൾ ഇന്നും നമ്മുടെ ഹൃദയങ്ങളെ പിടിച്ചുലയ്ക്കുന്നു. രക്തസാക്ഷികളുടെ കുടുംബങ്ങളുടെ ദുഃഖം നമ്മുടേത് കൂടിയാണ്. വെറുപ്പും ഭീതിയും പരത്തുന്ന ശക്തികൾക്ക് മുന്നിൽ ഇന്ത്യ ഒരിക്കലും കുനിയുകയില്ല. കൂടുതൽ കരുത്തോടും ഐക്യത്തോടും കൂടി നാം അവരെ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം ഇതേ ദിവസം പഹൽഗാമിലുണ്ടായ ക്രൂരമായ ഭീകരാക്രമണത്തിൽ പൊലിഞ്ഞ നിരപരാധികളെ സ്മരിക്കുന്നതായി പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. കഴിഞ്ഞ വർഷം ഇതേ ദിവസമാണ് പാകിസ്ഥാൻ കേന്ദ്രമായ ലഷ്കർ-ഇ-തൊയ്ബ ഭീകരർ പഹൽഗാമിൽ ആക്രമണം നടത്തിയത്. വിനോദസഞ്ചാരികൾ ഉൾപ്പെടെ 26 പേർ അന്ന് കൊല്ലപ്പെട്ടിരുന്നു. ഇതിന് മറുപടിയായി ഇന്ത്യ 2025 മെയ് 7-ന് ‘ഓപ്പറേഷൻ സിന്ദൂർ’ ആരംഭിച്ചു.

