കർണാടകയിലെ ഹിജാബ് നിരോധനം പിൻവലിക്കും: കോൺഗ്രസ് എം.എൽ.എ കനീസ് ഫാത്തിമ
May 15, 2023, 08:07 IST

ബംഗളൂരു: ബി.ജെ.പി സർക്കാർ കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏർപ്പെടുത്തിയ ഹിജാബ് നിരോധനം എടുത്തുമാറ്റുമെന്ന് ഉത്തര ഗുൽബർഗയിലെ നിയുക്ത കോൺഗ്രസ് എംഎൽഎ കനീസ് ഫാത്തിമ. സംസ്ഥാനത്തെ ഹിജാബ് പ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ടായിരുന്ന വ്യക്തിയാണ് കനീസ് ഫാത്തിമ. കർണാടകയിലെ ഏക മുസ്ലിം വനിതാ എം എൽ എ കൂടിയാണ് കനീസ് ഫാത്തിമ. ദൈവം സഹായിച്ചാൽ, വരും ദിവസങ്ങളിൽ ഞങ്ങൾ ഹിജാബ് നിരോധനം പിൻവലിക്കുമെന്നാണ് കനീസിന്റെ പ്രഖ്യാപനം.
‘ഞങ്ങൾ ആ പെൺകുട്ടികളെ ക്ലാസ് മുറികളിലേക്ക് തിരികെ കൊണ്ടുവരും, അവർക്ക് അവരുടെ പരീക്ഷ എഴുതാൻ കഴിയും. വിലപ്പെട്ട രണ്ട് വർഷങ്ങളാണ് അവർക്ക് നഷ്ടമായത്’, ഫാത്തിമ പറഞ്ഞു. കർണ്ണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിച്ച് വിജയിച്ചതിന് പിന്നാലെ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഫാത്തിമ. ബി.ജെ.പിയുടെ ചന്ദ്രകാന്ത് ബി. പാട്ടീലിനെ 2,712 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ഉത്തര ഗുൽബർഗയിൽ കനീസയുടെ വിജയം.